അഷ്ടമിരോഹിണിക്ക്‌
 ഗുരുവായൂർ ഒരുങ്ങി

അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രം ദീപാലംകൃതമായപ്പോള്‍


ഗുരുവായൂർ ​ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വ്യാഴാഴ്ച ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രവും  പരിസരവും വൈദ്യുതാലംകൃതമായി. വ്യാഴം മൂന്ന്‌ നേരം മൂന്നാനകളോടെ നടക്കുന്ന കാഴ്ച ശീവേലിയ്ക്ക്  സ്വർണക്കോലത്തിലെഴുന്നെള്ളിക്കും. പഞ്ചാരിമേളം, പഞ്ചവാദ്യം, ഇടയ്ക്കാ നാഗസ്വരം എന്നിവയും അരങ്ങേറും.  പിറന്നാൾ സദ്യയും ദേവസ്വം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതി-ന് തുടങ്ങുന്ന പിറന്നാൾ സദ്യ വൈകിട്ട് നാലുവരെ നീളും. പകൽ രണ്ടുവരെ ക്യൂവിൽ എത്തുന്നവർക്കാണ്‌ പിറന്നാൾ സദ്യ ലഭിക്കുകയുള്ളൂ. മുപ്പതിനായിരത്തിലേറെ പേർക്ക് പിറന്നാൾ സദ്യയൊരുക്കും. ഉറിയടിയോടെ രാവിലെ ഒമ്പതി-ന് മമ്മിയൂർ ക്ഷേത്രാങ്കണത്തിൽനിന്ന്‌ ഗോപികാനൃത്തം,  കണ്ണനും ഗോപികമാരും അണിനിരക്കുന്ന ഘോഷയാത്ര ആരംഭിക്കും.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് ബ്രഹ്മം ഭജൻസിന്റെ നാമസങ്കീർത്തനം നടക്കും. ഉച്ചയ്ക്കുശേഷം കലാമണ്ഡലം കെ ആർ  പരമേശ്വരന്റെ ഓട്ടൻതുള്ളൽ, ബിന്ദുലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണഗാഥ- നൃത്താവിഷ്‌കാരം എന്നിവയുണ്ടാകും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം നാരായണൻ നമ്പീശന് സമർപ്പണവും നടക്കും. ദേവസ്വം മന്ത്രി കെ  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി കലാമണ്ഡലം നാരായണൻ നമ്പീശന്റെ നേതൃത്വത്തിൽ പഞ്ചമദ്ദള കേളി, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർക്കൂത്ത്, ദേവസ്വം കലാനിലയത്തിന്റെ ‘അവതാര’കൃഷ്ണനാട്ടം എന്നിവയുമുണ്ടാകും. അഷ്ടമിരോഹിണിയുടെ ഭാഗമായി ക്ഷേത്രം ആധ്യാത്മിക ഹാളിൽ ഭക്തി പ്രഭാഷണങ്ങൾ നടത്തും. പ്രധാന വഴിപാടായ അപ്പവും, പാൽപ്പായസവും   ശീട്ടാക്കൽ പൂർത്തിയായി. Read on deshabhimani.com

Related News