കൊല്ലത്ത്‌ മൊബിലിറ്റി ഹബ്ബ്‌ ഒരുങ്ങും

കൊല്ലം മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖ


 കൊല്ലം വിപുലമായ സൗകര്യങ്ങളോടെ, ബസുകൾ പാർക്ക്‌ ചെയ്യാനായുള്ള മൊബിലിറ്റി ഹബ്ബ്‌ നിർമിക്കാനുള്ള കോർപറേഷൻ പദ്ധതിക്ക്‌ സർക്കാരിന്റെ അംഗീകാരം. കൊല്ലം എഫ്‌സിഐക്ക്‌ സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിലാണ്‌ മൊബിലിറ്റി ഹബ്ബ്‌ ഒരുക്കുക. ആദ്യഘട്ടത്തിൽ 30കോടിയുടെ പദ്ധതിക്കാണ്‌  തദ്ദേശ സ്വയംഭരണ വകുപ്പ്‌ അംഗീകാരം നൽകിയത്‌.  രണ്ട്‌ ഏക്കറിലാണ്‌ ഹബ്ബും മൂന്നുനിലയിലുള്ള ഷോപ്പിങ്‌ സെന്ററും നിർമിക്കുക. ഒരേസമയം 18 ബസുകൾ പാർക്ക്‌ ചെയ്യാം. രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയിൽ മോഡേൺ റസ്റ്റോറന്റ്, 25 കടമുറികൾ, പാർക്കിങ്‌ ഏരിയ എന്നിവ താഴത്തെ നിലയിലും ഗ്രൗണ്ട് ഫ്ലോറിലുമായി ഉണ്ടാകും. ഓഫീസുകൾക്കുള്ള സൗകര്യവും ഉണ്ടാകും. സ്‌ത്രീ സൗഹൃദ ശുചിമുറികൾ ഹബ്ബിന്റെ പ്രത്യേകതയാണ്‌. താഴത്തെ നിലയിലും ഒന്നാംനിലയിലും ഷോപ്പിങ്ങിന്‌ വിപുലമായ സൗകര്യങ്ങൾ, ഫുഡ് കോർട്ട്,  ഓട്ടോ–--ടാക്സി സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. മുകൾ നിലയിൽ ഓഡിറ്റോറിയവും വിഭാവനംചെയ്യുന്നു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ നിർത്തിയിടാൻ പ്രത്യേക സൗകര്യമൊരുക്കും. ഇപ്പോൾ ചിന്നക്കടയിലും ആണ്ടാമുക്കത്തുമാണ്‌ ബസുകളുടെ പാർക്കിങ്‌. ഐടി ഹബ്ബിനായി നാൽപ്പതിനായിരം ചതുരശ്ര അടി സ്ഥലം നീക്കിവച്ചിട്ടുണ്ട്‌.   ജല ലഭ്യത, മാലിന്യനിർമാർജന സൗകര്യം എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്‌.  ദേശസാൽകൃത ബാങ്കുകൾ, കേരള അർബൻ ഡെവലപ്‌മെന്റ്‌ ഫിനാൻസ്‌ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ട്‌ വിനിയോഗിച്ചും  താഴത്തെ നില പൂർത്തികരിച്ച് ലേലനടപടികളിലൂടെയും കൂടുതൽ ഫണ്ട് കണ്ടെത്താനാണ്  ശ്രമം.    Read on deshabhimani.com

Related News