അടിയന്തരാവസ്ഥയിലും മുടക്കാതെ പത്രവിതരണം



പിണറായി ‘‘അടിയന്തരാവസ്ഥയിലെ ദേശാഭിമാനി വിതരണം ബുദ്ധിമുട്ട്‌ നിറഞ്ഞതായിരുന്നു. ഭീഷണിയും മർദനവും നേരിടേണ്ടിവന്നു. ഒരു ദിവസം കത്യാളുമായി ഒരാൾ പിറകെ ഓടി. എന്നിട്ടും വിതരണം മുടക്കിയില്ല’’–- അര നൂറ്റാണ്ടായി ദേശാഭിമാനി ഏജന്റായ പിണറായി  പാണ്ട്യാലപ്പറമ്പ്‌ റോജ നിവാസിൽ ചാത്തോത്ത‌് രാഘവന്റെ വാക്കുകൾ.  കോൺഗ്രസുകാരുടെ ഭീഷണിക്ക്‌ വഴങ്ങാതെയാണ്‌ പത്രവുമായി അന്ന്‌ സൈക്കിൾ ചവിട്ടിയത്‌. ഒരുദിവസംപോലും മുടക്കിയില്ല. ഒരുദിവസം പത്രവിതരണത്തിനിടയിലാണ്,‌ അമ്മ ചാത്തോത്ത്‌ മാതു മരിച്ചതറിഞ്ഞത്‌. വേദന ഉള്ളിലൊതുക്കി അന്നും വിതരണം പൂർത്തിയാക്കി. ചേരിക്കലിൽ വെള്ളം കയറിയപ്പോൾ അരയോളം വെള്ളത്തിൽ നടന്നാണ്‌ പത്രം വരിക്കാരിലെത്തിച്ചത്‌.   കൊറോണക്കാലത്തും മുടങ്ങാതെ പത്രമെത്തിക്കുകയാണ്‌ എഴുപത്തഞ്ചുകാരനായ രാഘവേട്ടൻ.  പിണറായി  ഏൽപ്പിച്ച ദൗത്യം അയൽക്കാരനായ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ദേശാഭിമാനി ഏജൻസിയെടുക്കാൻ നിർദേശിച്ചത്‌. പിണറായിയിലും വടക്കുമ്പാടുമായി രണ്ട‌് ഏജൻസിയായിരുന്നു. 1970ൽ തുടങ്ങിയ ആ യാത്ര ഇതുവരെ മുടങ്ങിയിട്ടില്ല.  ഇന്ന്‌ പിണറായി ഏജന്റാണ്‌. ജീവിതമാർഗമായിരുന്നു പത്ര ഏജൻസി. മക്കളെല്ലാം വിതരണത്തിന‌് സഹായിക്കും. കോഴിക്കോട്ടുനിന്ന്‌ ട്രെയിനിൽ തലശേരി റെയിൽവേ സ‌്റ്റേഷനിലാണ‌് അന്ന്‌ പത്രമെത്തുക.  അവിടെനിന്ന‌് സഖാവ്‌ കമ്പ‌് ഗോപാലൻ ബസിൽ അയക്കും. ആദ്യമെത്തുന്ന ‌ബസും പ്രതീക്ഷിച്ച്‌ ഓലയമ്പലത്ത്‌ കാത്തുനിൽക്കും. പുലർച്ചെയുള്ള സൈക്കിൾ ചവിട്ടൽ ദിനചര്യയുടെ ഭാഗമായാതിനാൽ ഇന്നും പൂർണ ആരോഗ്യവാൻ. പെരുമഴക്കാലത്തും സൈക്കിളിൽ കുടചൂടിയാണ്‌ വിതരണം.  ഭാര്യ രാധയും മക്കളായ റോജ (അധ്യാപിക, മമ്പറം എച്ച‌്എസ‌്), റോയി (ഖത്തർ), റോബി (ഓസ്‌ട്രേലിയ), റോഷി (ബിസിനസ്‌) എന്നിവരുമടങ്ങിയതാണ്‌ കുടുംബം.  വീണ‌് പരിക്കേറ്റ്‌ തലശേരി കോ–-ഓപ്പറേറ്റീവ‌് ആശുപത്രിയിലെ ചികിത്സകഴിഞ്ഞ്‌ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ.  Read on deshabhimani.com

Related News