സ്‌കൂൾ ബസിറക്കാൻ വേണം ഒന്നര ലക്ഷം



കാസർകോട്‌ നീണ്ട ഇടവേളക്ക്‌ ശേഷം സ്‌കൂൾ തുറക്കുമ്പോൾ, കുട്ടികൾക്ക്‌ പോകാനുള്ള സ്‌കൂൾ ബസിറക്കാൻ വലിയ സാമ്പത്തിക ബാധ്യത വരും. ഒന്നരവർഷത്തോളം പൂർണമായും  നിർത്തിയിട്ടതിനാൽ ബസുകളെല്ലാം നശിച്ച നിലയിലാണ്‌.  പുതിയ ബസാണെങ്കിൽ പോലും  റണ്ണിങ്‌ കണ്ടീഷനിൽ നിരത്തിലിറക്കാൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ടി വരും. ബാറ്ററി, ഓയിൽ, വീൽ അലൈൻമെന്റ്‌ എന്നിവയെല്ലാം മാറ്റി ഫിറ്റ്‌നസ്‌ എടുക്കണം. ഇൻഷൂറൻസും റോഡുനികുതിയും ഒപ്പം വരും. ജിപിആർഎസ്‌ ഉപകരണവും സ്ഥാപിക്കണം.  ബസൊന്നിന്‌ 66,000 രൂപ ഇൻഷൂറൻസ്‌ ഇനത്തിൽ വേണം. കഴിഞ്ഞ ഒന്നര വർഷത്തെ റോഡുനികുതി സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇറക്കാൻ അയ്യായിരം രൂപ നികുതി കെട്ടണം. നശിച്ച ഉപകരണങ്ങളും മറ്റും മാറ്റി, സർവീസ്‌ ചാർജും ഗാരേജ്‌ ഷോപ്പിലെ ബില്ലും നൽകിക്കഴിഞ്ഞാൽ തുക ഒന്നരലക്ഷം കടക്കും. പൊതുവിദ്യാലയങ്ങളിൽ പിടിഎയ്‌ക്കാണ്‌ ബസുകളുടെ ചുമതല. ഡ്രൈവറും ആയയയും അടക്കമുള്ള ബസ്‌ ജീവനക്കാർക്കുള്ള ശമ്പളവും പിടിഎ തന്നെയാണ്‌ കൊടുക്കുന്നത്‌. സാധാരണ സ്‌കൂളുകളിൽ തന്നെ രണ്ടും അതിലധികവും സ്‌കൂൾ ബസുകൾ ഉണ്ട്‌. ബസിറക്കേണ്ട ലക്ഷങ്ങളുടെ ബാധ്യത പിടിഎയുടെ തലയിലാണ്‌. കടമെടുത്തും മറ്റും ബസിന്‌ ഫിറ്റ്‌നസ്‌ സംഘടിപ്പിക്കാൻ നെട്ടൊട്ടമോടുകയാണ്‌ ബസ്‌ ജീവനക്കാരും പിടിഎയും സ്‌കൂൾ അധികൃതരും. കുട്ടികൾ നൽകുന്ന യാത്രാക്കൂലിയിൽ നിന്നാണ്‌ ഇന്ധനം, ശമ്പളം, ബസുപണി എന്നിവ നടത്തുന്നത്‌. രണ്ടുവർഷമായി അതില്ലാത്തതും സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നു.   Read on deshabhimani.com

Related News