കടലോളം കരുതൽ, 
തീരത്ത്‌ ആഹ്ലാദത്തിരയടി

കയ്പമംഗലം മണ്ഡലത്തിൽ പുനർഗേഹം പദ്ധതിയിലൂടെ വീട് ലഭിച്ചവർ ഇ ടി ടൈസൺ എംഎൽഎയോടൊപ്പം


  സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ കൂറ്റൻ തിരമാലകൾ അലയടിച്ചെത്തിയാലും ഇനി ഭീതിയില്ല.  കടലോരത്ത്‌  ആശ്വാസത്തിന്റെ വേലിയേറ്റം. കേരളത്തിന്റെ സൈന്യത്തിന് നൽകിയ വാക്ക് പാലിച്ച്   പുനർഗേഹം പദ്ധതിയിലൂടെ 53 വീടുകളുടെ താക്കോലുകൾ ജില്ലയിൽ കൈമാറി. സംസ്ഥാന സർക്കാർ. നൂറുദിന കർമപരിപാടിയിലുൾപ്പെടുത്തി സംസ്ഥാനത്ത് 308 വീടുകളുടേയും 303 ഫ്ലാറ്റുകളുടേയും ഗൃഹപ്രവേശനവും താക്കോൽ ഏൽപ്പിക്കൽ ചടങ്ങും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.     എറിയാട് ബി ആർ അംബേദ്കർ  പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല പരിപാടി റവന്യൂമന്ത്രി കെ രാജൻ  ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.  കയ്പമംഗലം മണ്ഡലത്തിലെ 43 വീടുകളുടെ താക്കോൽദാനം ഇ ടി ടൈസൺ  എംഎൽഎയും  മണലൂർ മണ്ഡലത്തിലെ അഞ്ചുവീടുകളുടെ താക്കോൽദാനം   മുരളി പെരുനെല്ലി എംഎൽഎയും ഗുരുവായൂർ മണ്ഡലത്തിലെ  അഞ്ചുവീടുകളുടെ താക്കോൽദാനം  എൻ കെ അക്ബർ എംഎൽഎയും നിർവഹിച്ചു. എറിയാട്‌ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഗിരിജ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ  കെ പി രാജൻ (എറിയാട്‌), ബിന്ദു രാധാകൃഷ്‌ണൻ (എടവിലങ്ങ്‌), ടി കെ ചന്ദ്രബാബു ( എടുത്തിരുത്തി)  എറിയാട്‌ വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ് എന്നിവർ സംസാരിച്ചു.   വേലിയേറ്റ രേഖയിൽനിന്നും 50 മീറ്ററിനുള്ളിൽ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന സ്വപ്നപദ്ധതിയാണ്‌ യാഥാർഥ്യമാവുന്നത്‌. സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപവീതമാണ് ഓരോ കുടുംബങ്ങൾക്കും  നൽകുന്നത്.  ജില്ലയിൽ  939 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 670 ഗുണഭോക്താക്കൾക്ക് അനുമതി ലഭിച്ചു. 435 പേർ താമസം മാറാൻ തയ്യാറായി. 93 വീടുകളുടെ നിർമാണം പൂർത്തിയായി. Read on deshabhimani.com

Related News