കളിവെട്ടത്തിൽ കളിക്കൂട്ടുകാരനായി സുനിൽ സുഖദ

കുട്ടികൾക്കൊപ്പം ക്യാമ്പിൽ നടൻ സുനിൽ സുഖദ


തൃശൂർ ആഫ്രിക്കയിലെ ആദിവാസികളുടെ താളത്തിൽ കുട്ടികൾ നൃത്തച്ചുവടുകൾ വച്ചു. ഒപ്പം ചുവടുവയ്‌ക്കാൻ നടൻ സുനിൽ സുഖദയും. സിനിമയിൽ കണ്ട് പരിചയിച്ച നടൻ കളിക്കൂട്ടുകാരനായതോടെ കുട്ടികൾ സന്തോഷ ത്തിമിർപ്പിലായി. ശബ്ദമുണ്ടാവുന്നതിനുള്ള മരുന്ന് തയ്യാറാക്കുന്നതും ഒന്നിച്ച്‌ കഴിച്ച്‌ കൂടുതൽ ശബ്ദമുള്ളവരായി മാറുന്ന രംഗം കുട്ടികളും  സുനിലും ചേർന്ന് അവതരിപ്പിച്ചതോടെ നാടകക്കളരി ഉണർന്നു.  സംഗീത നാടക അക്കാദമിയിൽ രണ്ടുമുതൽ നടക്കുന്ന രംഗചേതന കുട്ടികളുടെ നാടക ശിൽപ്പശാലയിൽ പാട്ട്‌, നൃത്തം, യോഗ, കരാട്ടെ, ചിത്രകല, ശിൽപ്പകല എന്നിവയിൽ പരിശീലനം നൽകി. തൃശൂരിന്‌ പുറമെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ എറണാകുളം ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നു. ‘ഇരകളും വേട്ടക്കാരും’ എന്ന ആശയമുയർത്തി ക്യാമ്പിൽ നാടകം രൂപം കൊള്ളും. 29ന്‌   കുട്ടികൾ ഒരുമിച്ച്‌  "മുഖമൂടിക്കളി" എന്ന നാടകം പൊതുജനങ്ങൾക്കായി അവതരിപ്പിക്കും.   കെ വി ഗണേഷാണ്‌ ക്യാമ്പ്‌ ഡയറക്ടർ. ചിത്രകാരന്മാരായ ദാമോദരൻ നമ്പിടി, സായൂജ് ചുങ്കത്ത്, ഫ്രാൻസിസ് ചിറയത്ത്, വി എസ്‌ സൂരജ്, യുവ നർത്തകി രേഷ്മ ശ്രീരാം, നർത്തകൻ കിരൺ കിഷോർ, യോഗ മാസ്റ്റർ ചന്ദ്രൻ മുക്കാട്ടുകര, സുരേഷ് മേച്ചേരി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വി എസ് ഗിരീശൻ കളിവെട്ടം കോ–-ഓർഡിനേറ്ററും കെ കെ കിഷോർ മാനേജരുമാണ്‌. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ രംഗചേതന നടത്തുന്ന 38–-ാമത്തെ നാടകക്കളരിയാണ് കളിവെട്ടം 2022. കോവിഡ് കാലത്ത് ഓൺലൈനായി നടത്തിയതൊഴിച്ചാൽ  ക്യാമ്പ്‌ മുടങ്ങിയിട്ടില്ല.   Read on deshabhimani.com

Related News