ലൈഫ്‌ ചിരി

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കെെമാറുന്ന അമീറുദ്ദിന്റെ ലെെഫ് പദ്ധതിയിലെ വീട്


  കഴക്കൂട്ടം ഒന്ന്‌ മഴ പെയ്‌താൽ ചോരുന്ന വീട്ടിലായിരുന്നു ആലിഫും റാബിയത്തും ഇതുവരെ. പഠിക്കാൻ മുറിയില്ല. നല്ല കാറ്റടിച്ചാൽ ഷീറ്റിട്ട മേൽക്കൂര തകരുമോയെന്ന പേടി. വിദ്യാർഥികളായ ഇരുവർക്കും ഉപ്പ അമീറുദ്ദീനോടും ഉമ്മ ഐഷാബീവിയോടും എപ്പോഴും പരാതിയായിരുന്നു. പേടിയില്ലാതെ ഒന്ന്‌ ഉറങ്ങാൻ പറ്റുമോ? കഠിനംകുളം പഞ്ചായത്തിലെ 16–-ാം വാർഡ്‌ ചാന്നാങ്കര ലക്ഷംവീട് ബൈത്തുൽ അമലിൽ അമീറുദ്ദീനും ഭാര്യ ഐഷാബീവിയും പ്രതീക്ഷയോടെയാണ്‌ ലൈഫ്‌ പദ്ധതിയിൽ അപേക്ഷിച്ചത്‌. എൽഡിഎഫ്‌ സർക്കാരിൽ അവർക്ക്‌ അത്രമേൽ വിശ്വാസമായിരുന്നു. അവരുടെ പ്രതിക്ഷപോലെ സർക്കാർ വീട്‌ അനുവദിച്ചു.  ലൈഫ്‌ പദ്ധതിയിലെ നാല് ലക്ഷം രൂപയും മത്സ്യബന്ധനത്തിലൂടെ സ്വരൂപിച്ച തുകയും ഉപയോഗിച്ച്‌ പുതിയ വീടെന്ന സ്വപ്‌നം യാഥാർഥ്യമായി. ഇപ്പോഴിതാ വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നുവെന്ന ഇരട്ടിസന്തോഷവും.  ചൊവ്വ വൈകിട്ട്‌ നാലിനാണ്‌ പരിപാടി. ഇവരുടെ വീടിനൊപ്പം സംസ്ഥാനത്താകെ പൂർത്തിയാക്കിയ 20,808  ലൈഫ്‌ വീടിന്റെ താക്കോൽദാനവും നടക്കും.     എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമ പരിപാടിയിൽ 20000 വീട് 
പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. നിശ്‌ചിത സമയത്തിനകം 808 വീട് അധികമായി നിർമിച്ചു.  20808 വീടിന്റെ താക്കോൽദാനമാണ്‌ നടക്കുക.  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽ 12000  ഭവനം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. 
34374 വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌.  27 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്‌.       Read on deshabhimani.com

Related News