വിഷു വിപണി കീഴടക്കി കുടുംബശ്രീ



കാഞ്ഞങ്ങാട‌് മുനിസിപ്പാലിറ്റികളിലും  പഞ്ചായത്തുകളിലും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെയും മൈക്രോ സംരംഭ യൂണിറ്റുകളുടെയും ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ‘കണി വിഷുച്ചന്ത' യിലുടെ 12,58,226 രൂപ വരുമാനം.  376 സംരംഭ യൂണിറ്റുകളും 675 സംഘകൃഷി ഗ്രൂപ്പുകളും വിഷുച്ചന്തയുടെ ഭാഗമായി  ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തി. സംഘകൃഷി ഗ്രൂപ്പുകാർ ഉൽപ്പാദിപ്പിച്ച അരിശ്രീ ബ്രാൻഡഡ് അരി, പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ,  മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയും മൈക്രോ സംരംഭങ്ങൾ നിർമിച്ച പലഹാരങ്ങൾ, അച്ചാറുകൾ, ജാം, സ്ക്വാഷ്, വിവിധതരം കറി പൗഡറുകൾ, തേൻ, സഫലം കാഷ്യു‌, തുണിത്തരങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, ഡിറ്റെർജന്റ് ആൻഡ് ലോഷൻ, കിച്ചൻ എക്യുപ‌്മെൻസ്, പട്ടികവർഗ മേഖലയിൽനിന്നുള്ള ഉൽപ്പന്നങ്ങളായ  കരകൗശല വസ്തുക്കൾ എന്നിവയെല്ലാം വിഷുച്ചന്തയിൽ ലഭ്യമായി. ‘കണി’ എന്നപേരിൽ കുടുംബശ്രീ ജില്ലാ മിഷൻ സിഡിഎസ് തലങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരത്തിലെ പങ്കാളികളായ സംഘകൃഷി ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു.      ജില്ലയിലെ 35  പഞ്ചായത്തുകളിലും മൂന്ന്‌ മുനിസിപ്പാലിറ്റിയിലുമാണ് വിഷു ചന്ത സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് പഞ്ചായത്ത്, കൃഷിഭവൻ, മുനിസിപ്പാലിറ്റി എന്നിവരുടെ പൂർണ പിന്തുണ ഉറപ്പു വരുത്താൻ സാധിച്ചു. ഉൽപ്പന്നങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കുടുംബശ്രീയുടെ കണി വിഷുചന്ത ശ്രദ്ധയാകർഷിച്ചു.  വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും മറ്റു ചെറുകിട സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളും ഗുണമേന്മ ഉറപ്പുവരുത്തി ന്യായവിലയ‌്ക്ക് പൊതു ജനങ്ങൾക്കെത്തിക്കാൻ കണി വിഷുച്ചന്തയിലൂടെ സാധ്യമായി. Read on deshabhimani.com

Related News