കെഎസ്‌‌യു ജില്ലാ സെക്രട്ടറി കോൺഗ്രസ്‌ വിട്ടു



തൃശൂർ കോൺഗ്രസ്‌  നേതൃത്വത്തിന്റെ ചതിയിൽ പ്രതിഷേധിച്ച്‌ കെഎസ്‌‌യു ജില്ലാ സെക്രട്ടറി വി എസ്‌ ഡേവിഡ്‌  പാർടി ബന്ധം അവസാനിപ്പിച്ചു. കെഎസ്‌യു ഉൾപ്പെടെ പോഷകസംഘടനകളുമായുള്ള ബന്ധവും അവസാനിപ്പിച്ചതായി വാർത്താകുറിപ്പിൽ അറിയിച്ചു.    ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത്‌കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകരെ  തള്ളിപ്പറയില്ലെന്നും പിന്തുണയ്‌ക്കുമെന്നുമാണ്‌  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. എന്നാൽ ഒരുകുറ്റവും ചെയ്യാത്ത തനിക്കെതിരെ നടപടിക്കാണ്‌ നീക്കം.  നേരത്തേ കെഎസ്‌യു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ നീക്കിയെങ്കിലും  പിന്നീട്‌  നടപടി പിൻവലിക്കേണ്ടിവന്നു.   സഹപ്രവർത്തകനായ കെഎസ്‌യു നേതാവിനെ പോക്‌സോ കേസിൽ കുടുക്കി പ്രസ്ഥാനത്തിൽനിന്ന്‌  പുറത്താക്കി.  മറ്റൊരു ആയുധവുമായി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌.  കൂടെയുണ്ടെന്ന്‌ നടിച്ച്‌ ചതിക്കുന്ന പാരമ്പര്യമാണ്‌ നേതാക്കൾക്കും കോൺഗ്രസ്‌ പ്രസ്ഥാനത്തിനുമുള്ളത്‌. അത്‌ തിരിച്ചറിയാൻ വൈകിയതായും   പ്രസ്‌താവനയിൽ പറഞ്ഞു. കോൺഗ്രസ്‌ എ വിഭാഗത്തിലായിരുന്ന വി എസ്‌ ഡേവിഡ്‌  അടുത്തിടെ ഐ ഗ്രൂപ്പിലെ  കെ സി വേണുഗോപാൽ ഗ്രൂപ്പിലേക്ക്‌ മാറിയിരുന്നു. ഇതിനിടെ  ഡേവിഡിനെതിരെ സാമ്പത്തിക തട്ടിപ്പ്‌ ആരോപണമുയർന്നു.  വിവിധ    പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതികളും നൽകി.  കോൺഗ്രസിലെ ഒരു വിഭാഗം ആസൂത്രിതമായി  തനിക്കെതിരെ നടത്തുന്ന ചതിപ്രയോഗങ്ങളാണ്‌ ഈ പരാതിക്കു പിന്നിലെന്ന്‌ ഡേവിഡ്‌ പറയുന്നു. പരാതിക്കാരെ പലതവണ സ്‌റ്റേഷനിൽ വിളിപ്പിച്ചിട്ടും ഹാജരായില്ല. യഥാർഥത്തിൽ  കോൺഗ്രസിലെ  പണം തട്ടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും    ഡേവിഡ്‌  പറയുന്നു. Read on deshabhimani.com

Related News