സിപിഐ എം ബ്രാഞ്ച് സെക്രട്ടറി
ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ സുരേഷ് കുമാർ


വെഞ്ഞാറമൂട് മദപുരത്ത് ആർഎസ്എസ്–ബിജെപി പ്രവർത്തകർ സിപിഐ എം, ഡിവെെഎഫ്ഐ നേതാക്കളെ ആക്രമിച്ചു. സിപിഐ എം തലയൽ ബ്രാഞ്ച് സെക്രട്ടറി കെ സുരേഷ് കുമാർ (49), ഡിവൈഎഫ്ഐ മദപുരം യൂണിറ്റ് പ്രസിഡ​ന്റ് സുധി ടെന്നീസ് (23), സെക്രട്ടറി വിപിൻ (23), ജോ. സെക്രട്ടറി വിഘ്നേഷ് (18) എന്നിവരെയാണ് ആക്രമിച്ചത്.  വിജയദശമി ദിനത്തിൽ നടത്തിയ പരേഡിനുശേഷമാണ് ആർഎസ്എസുകാർ ആയുധങ്ങളുമായെത്തിയത്.  മദപുരത്ത് ക്ഷേത്രത്തിൽ പോയിവന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.  ആർഎസ്എസ് താലൂക്ക് കാര്യവാഹ്‌ മദപുരം പുണർതം വീട്ടിൽ അനീഷ് (29),  പൊയ്ക തടത്തരികത്ത് വീട്ടിൽ വിശാന്ത് (28) എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ്‌ ചെയ്തു. അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കെ സുരേഷ് കുമാറിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ കൈ ഒടിഞ്ഞു. വിപിനും വിഘ്നേഷിനും ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  മദപുരം പ്രദേശത്ത് നിന്ന് നിരവധി ആർഎസ്എസുകാർ സിപിഐ എമ്മുമായി  സഹകരിക്കാൻ തീരുമാനിച്ചത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.  ഇതിൽ വിറളിപൂണ്ടാണ്  ആക്രമണം.  അക്രമികളെ  ഒറ്റപ്പെടുത്തണമെന്നും വർ​ഗീയശക്തികളെ തിരിച്ചറിയണമെന്നും സിപിഐ എം മാണിക്കൽ ലോക്കൽ സെക്രട്ടറി ആർ അനിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News