എ ജി തങ്കപ്പൻ നായർ അന്തരിച്ചു

എ ജി തങ്കപ്പൻ നായർ


നെടുമങ്ങാട്  സിപിഐ എം മുൻ ജില്ലാ കമ്മിറ്റി  അംഗവും കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവുമായ നെടുമങ്ങാട് ആട്ടുകാൽ പുളിയറത്തല വീട്ടിൽ എ ജി തങ്കപ്പൻ നായർ (85) അന്തരിച്ചു. നെടുമങ്ങാട് താലൂക്ക് മേഖലയിൽ സിപിഐ എം പടുത്തുയർത്താൻ  നേതൃത്വം നൽകിയ നേതാവാണ്.   വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. 1950ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1954ൽ നെടുമങ്ങാട് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ ചന്തസമരത്തിൽ  പങ്കാളിയായി. നെടുമങ്ങാട് കേന്ദ്രീകരിച്ച്‌  സമരങ്ങളിലെല്ലാം നേതൃത്വപരമായ പങ്കുവഹിച്ചു.  അടിയന്തരാവസ്ഥക്കാലത്ത്  ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  അക്കാലത്ത് സിപിഐ എം നെടുമങ്ങാട് ലോക്കൽ സെക്രട്ടറിയായിരുന്നു. തുടർന്ന് താലൂക്ക് കമ്മിറ്റി സെക്രട്ടറി, വിതുര, നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.  പനവൂർ പഞ്ചായത്ത് പ്രസിഡന്റ്, ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,  നെടുമങ്ങാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കാംകോ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.  വെള്ളി പകൽ 11ന് സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ഏരിയാ സെക്രട്ടറി  ആർ ജയദേവൻ പതാക പുതപ്പിച്ചു. തുടർന്ന് ആനാട് ഫാർമേഴ്സ് ബാങ്ക് അങ്കണം, മൂഴി ലോക്കൽ കമ്മിറ്റി ഓഫീസ്, പനവൂർ പഞ്ചായത്ത് ഓഫീസ്, ആട്ടുകാൽ  ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ഭാര്യ: ശ്യാമളാദേവി. മക്കൾ: ടി എസ് സജി (സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം), ടി എസ് ബൈജു  (പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ടി എസ് ഷീബ (കൺസ്യൂമർ ഫെഡ്). മരുമക്കൾ: കെ ജയചന്ദ്രൻ നായർ(എക്സ് സർവീസ്), ടി ലതാംബിക (സഹകരണ വകുപ്പ്), പി മഞ്ജു (എസ്എൻ എച്ച് എസ് എസ് ഉഴമലയ്ക്കൽ). Read on deshabhimani.com

Related News