ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നീലാകാശം

കെ പി രാമനുണ്ണി


മലപ്പുറം ഭാവിയിൽ ദേശാഭിമാനത്തിന്റെ പ്രതിരൂപമാകുമെന്ന പ്രതീക്ഷയോടെയായിരിക്കില്ല സ്ഥാപക നേതാക്കൾ ദേശാഭിമാനി പത്രത്തിന് നാമകരണംചെയ്തത്. എന്നാൽ, പ്ലാറ്റിനം ജൂബിലി കടന്നപ്പോഴേക്ക് യഥാർഥ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പാഠപുസ്തകമായി പരിണമിക്കാൻ ദേശാഭിമാനി പ്രസിദ്ധീകരണങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.   ദേശസംബന്ധിയായ സർവതിനെയും വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനായാണ് കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രം ദുരുപയോഗിക്കുന്നത്. ഈ അവസ്ഥയിൽ ഇന്ത്യയുടെ ബഹുസ്വരതയെയും സംവാദാത്മക സംസ്‌കാരത്തെയും സധൈര്യം ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് ദേശാഭിമാനി ഇന്ന് ചെയ്യുന്ന മഹത്തായ സേവനം.    കയ്‌ക്കുന്ന സമകാലിക സത്യങ്ങൾ പണ്ഡിതോചിതമായി വിളിച്ചുപറയാൻ ദേശാഭിമാനിയോളം ചങ്കൂറ്റം മറ്റ് പത്രമാധ്യമങ്ങൾ അപൂർവമായേ കാണിക്കാറുള്ളു. കശ്മീരിന്റെ പ്രത്യേകപദവി, പൗരത്വഭേദഗതി നിയമം, കർഷകനിയമം, തൊഴിൽ നിയമം, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളോടുള്ള പ്രതികരണം ഈ വസ്തുതക്ക് തെളിവേകുന്നു. ഘോരാന്ധകാരത്തിൽ ദീപശിഖയുമേന്തി മുന്നിൽ നടക്കുന്ന ദൗത്യമാണ് ദേശാഭിമാനി നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ദേശാഭിമാനിയുടെയും ദേശാഭിമാനി പ്രസരിപ്പിക്കുന്ന ആശയങ്ങളുടെയും വമ്പിച്ച പ്രചാരം രാഷ്ട്രത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണ്.  സഹോദരതുല്യമായ പരിഗണനയാണ്‌ എഴുത്തുകാരനെന്ന നിലയ്ക്ക് ദേശാഭിമാനി എനിക്ക് എപ്പോഴും നൽകിയിട്ടുള്ളത്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഈ നീലാകാശം തെളിമയോടെ വികസ്വരമായി നിലനിൽക്കേണ്ടത് എല്ലാ എഴുത്തുകാരുടെയും ആവശ്യമാണ്. Read on deshabhimani.com

Related News