സുരേഷിനും അനുവിനും 
സ്വപ്‌നഭവനം തയ്യാർ

ലൈഫ് മിഷനിലൂടെ നിർമാണം പൂർത്തീകരിച്ച വീടിനു മുമ്പിൽ അയ്മനം 14-ാം വാർഡിൽ മമ്പ്രയിൽ സുരേഷും ഭാര്യ അനുവും


കോട്ടയം അയ്മനം മമ്പ്രയിൽ സുരേഷ്- –- അനു ദമ്പതികൾക്ക് ഇനി വാടകവീടൊഴിയാം. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിലൂടെ ഇവരുടെ സ്വപ്‌നഭവനത്തിന്റെ നിർമാണം പൂർത്തിയായി. വാടക വീട്ടിലെ ഒമ്പതുവർഷത്തെ ജീവിതത്തിനാണ്‌ ഇതോടെ വിരാമമായത്‌.  അയ്മനം പതിനാലാം വാർഡിൽ താമസിക്കുന്ന സുരേഷും അനുവും രണ്ടു കുട്ടികൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കാനൊരുങ്ങുന്നത്.    നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്റെ പട്ടികജാതി-വർഗ അഡീഷണൽ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരുടെ വീടുപണി അതിവേഗത്തിലാണ് പൂർത്തിയായത്. പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ 27 വീടുകൾക്ക് നിർമാണ കരാർ വയ്ക്കുകയും 17 വീടുകളുടെ പണി പൂർത്തീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും പഞ്ചായത്തംഗങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, എസ്‌സി പ്രൊമോട്ടർ എന്നിവരുടെയും നേതൃത്വത്തിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി വരുന്നു. Read on deshabhimani.com

Related News