മഞ്ചേശ്വരം സ്വദേശികളായ 2 പേർ പിടിയിൽ



കൊല്ലം വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവും ഹാഷിഷും മൊത്തവ്യാപാരം നടത്തിയിരുന്ന കാസർകോട്‌ സ്വദേശികളായ രണ്ടു യുവാക്കളെ എക്‌സൈസ്‌ സംഘം പിടികൂടി.  മഞ്ചേശ്വരം മച്ചമ്പാടി സാജിതാ മൻസിലിൽ യാക്കൂബ് (32),  മുബാറക്ക് മൻസിലിൽ മുഹമ്മദ് ഹനീഫ് (23) എന്നിവരാണ് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്‌. ഇവരിൽനിന്ന്‌ നാലു കിലോ കഞ്ചാവും അഞ്ച്‌ ഗ്രാം ഹാഷിഷും 1.49 ലക്ഷം രൂപയും കാറും കണ്ടെടുത്തു.   കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളി‌ലാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. വാഹന പരിശോധനയിൽ കണ്ടെത്താതിരിക്കാനായിരുന്നു ഇത്‌. കാസർകോട്ടുനിന്ന്‌ കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് അസിസ്റ്റന്റ് കമീഷണർ ബി സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തട്ടാമല പള്ളിക്ക് പുറകിൽ ഓലിക്കര വയലിലെ  ഇരുനില വാടക വീട്ടിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്ന്‌ വ്യക്തമായത്‌. രാത്രിയും പകലും എക്സൈസ് സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ വീട്ടിനുള്ളിൽനിന്ന്‌ പിടികൂടിയത്. എക്സൈസ് അസി.കമീഷണർ ബി സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപ്, സിഐ കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, എമേഴ്സൺ ലാസർ, സതീഷ് ചന്ദ്രൻ, ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.   Read on deshabhimani.com

Related News