മഴ ശക്തമാവുന്നു; 
ഇന്ന്‌ മഞ്ഞ ജാഗ്രത



പാലക്കാട്‌ ജില്ലയിൽ മഴ ശക്തമാവുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കൾ മഞ്ഞ ജാഗ്രതയായിരിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ  മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച്‌ ജാഗ്രതയായിരിക്കും. ജില്ലയിൽ മൂന്ന്‌ ദിവസമായി പരക്കെ മഴ പെയ്യുന്നുണ്ട്‌. മാർച്ച്‌ ഒന്നു മുതൽ മെയ്‌ 15 വരെ വേനൽമഴ 42 ശതമാനം അധികം ലഭിച്ചു. 165.7 മില്ലീമീറ്റർ പെയ്യേണ്ടിടത്ത്‌ 236 മില്ലീമീറ്റർ മഴ ലഭിച്ചു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ ലഭിക്കേണ്ട  വേനൽമഴയാവട്ടെ 97 ശതമാനം കുറവായിരുന്നു. ഇത്തവണ ശക്തമായ വേനൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഏപ്രിലിൽ തന്നെ മഴ തുടങ്ങി. രണ്ടാംവിള കൊയ്‌ത്തൊക്കെ കഴിഞ്ഞതിനാൽ മഴ നെൽകൃഷിയെ ബാധിക്കുന്നില്ല. എന്നാൽ പാടത്ത്‌ വെള്ളം നിൽക്കുന്നതിനാൽ ഒന്നാംവിളയ്‌ക്ക്‌ പൊടിവിത നടത്താനാവില്ല. ഞാറ്റടി തയ്യാറാക്കി പറിച്ചു നടണം.   അണക്കെട്ടുകളിൽ ആശങ്കയില്ല പാലക്കാട്‌ ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജല നിരപ്പ്‌ സംബന്ധിച്ച്‌ ആശങ്ക വേണ്ട. എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ്‌ ആകെ ശേഷിയുടെ 30 ശതമാനത്തിൽ താഴെയാണെന്ന്‌ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. സംസ്ഥാന,താലൂക്ക് തല, പൊലീസ് കൺട്രോൾ റൂമുകൾ ജില്ലയിൽ സജീവമാണ്‌.  പൊലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പുകൾ ജാഗരൂകരായിരിക്കാൻ നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, വിവിധ വകുപ്പ് ജില്ലാ മേധാവികൾ  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News