ജാഗ്രതക്കുറവ് 
ആപത്തുണ്ടാക്കും



മലപ്പുറം ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളിലെ വർധനവ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ആർ രേണുക. ഒമിക്രോൺ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് ഡിഎംഒ മുന്നറിയിപ്പ് നൽകി.  പനിയും രോഗലക്ഷണങ്ങളും ഉള്ളവർ അത് മറച്ചുവച്ച് പൊതുഇടങ്ങളിൽ ഇറങ്ങുന്നത് അതിവേഗ രോഗ വ്യാപനത്തിന്‌ ഇടയാക്കും. രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം.  പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ എൻ 95 മാസ്‌ക് അല്ലെങ്കിൽ ഡബിൾ മാസ്‌ക് ധരിക്കണം. മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കണം.  കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.  ഒമിക്രോൺ നിസ്സാരമാണെന്ന തെറ്റിദ്ധാരണ പാടില്ല. വാക്‌സിൻ എടുക്കാത്തവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. വാക്‌സിൻ എടുത്തവരിൽ കോവിഡ് ബാധിച്ചാലും  ഗുരുതരമാകുന്നില്ല. അതിനാൽ വാക്‌സിൻ എടുക്കാത്തവർ വാക്‌സിൻ എടുക്കണം. രണ്ടാംഡോസ് വാക്‌സിൻ എടുത്ത് ഒമ്പത് മാസം പൂർത്തിയായ ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ ഇതര രോഗബാധിതർ എന്നിവർ കരുതൽ ഡോസും എടുക്കണം. പൊതുസ്ഥലത്ത്‌ ഇറങ്ങുന്നവർ കൃത്യമായ പ്രോട്ടോകോൾ പാലിക്കണമെന്നും  ഡിഎംഒ പറഞ്ഞു. Read on deshabhimani.com

Related News