ജനപ്രതിനിധികളെ അവഗണിച്ച് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ‘രഹസ്യ ഉദ്‌ഘാടനം’



ചെങ്ങന്നൂർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും വകുപ്പുതല  ഉന്നത  ഉദ്യോഗസ്ഥരേയും അവഗണിച്ച്  ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം  നടത്തി യുഡിഎഫ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. വെൺമണി ഹോമിയോ ഡിസ്‌പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനമാണ്‌ യുഡിഎഫ്‌ ഭരണസമിതിയുടെ നേത‌ൃത്വത്തിൽ പ്രസിഡന്റ്‌ ലെജുകുമാർ രഹസ്യമായി നടത്തിയത്‌.   പി സി അജിത പ്രസിഡന്റായ എൽഡിഎഫ്  ഭരണസമിതിയുടെ കാലത്താണ് പാറച്ചന്തയിൽ ഡിസ്‌പെൻസറി സ്ഥാപിക്കാൻ തീരുമാനമെടുത്തത്‌. എന്നാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  ഡിസ്‌പെൻസറിക്കായി  പഞ്ചായത്ത് നിർമിച്ച കെട്ടിടമാണ്‌ ആരോരുമറിയാതെ പഞ്ചായത്ത് പ്രസിഡന്റ്‌ കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്‌തത്‌.  ഗ്രാമീണ റോഡുകൾ, സ്‌കൂളുകൾ, പ്രാഥമികാരോഗ്യകേന്ദ്രം, ആയുർവേദ ഡിസ്‌പെൻസറി തുടങ്ങിയവയുടെ വികസനത്തിനായി കോടിക്കണക്കിന്‌ രൂപയുടെ പദ്ധതികളാണ്‌ സജി ചെറിയാൻ എംഎൽഎ മുൻകൈയെടുത്ത് നടപ്പാക്കുന്നത്‌. ഈ അവസരത്തിലാണ് എൽഎയുടെ വീടിന് സമീപം പണിതീർത്ത കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ടവരെയൊന്നും പങ്കെടുപ്പിച്ചില്ല. ജില്ലാതല ഹോമിയോവകുപ്പ്‌‌ ഉദ്യോഗസ്ഥരും ഉദ്‌ഘാടനം അറിഞ്ഞില്ല. രാഷ്‌ട്രീയ പാർടി പ്രതിനിധികളെയും അവഗണിച്ചു. എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടും വിനിയോഗിച്ചുള്ള പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് അർഹമായ പ്രാതിനിധ്യവും പ്രാധാന്യവും നൽകുന്നുണ്ട്. അങ്ങനെയുള്ള പശ്ചാത്തലം നിലനിൽക്കേ, സങ്കുചിതവും നിന്ദ്യവുമായ രീതിയിൽ ഉദ്ഘാടന പരിപാടി നടത്തിയതിൽ സിപിഐ എം വെൺമണി ഈസ്‌റ്റ്‌, വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റികൾ  പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി  ലോക്കൽ സെക്രട്ടറിമാരായ പി ആർ രമേശ്കുമാറും നെൽസൺ ജോയിയും  പറഞ്ഞു. Read on deshabhimani.com

Related News