ദിശ തെറ്റിയോടി 
കോട്ടത്തറ



  വെണ്ണിയോട് കോട്ടത്തറ, വെണ്ണിയോട്‌ ടൗണുകളിൽ ട്രാഫിക്‌ പരിഷ്‌കരണം ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പായില്ല. പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മിറ്റി മാസങ്ങൾക്ക്‌ മുമ്പ്‌ യോഗംചേർന്നെടുത്ത തീരുമാനമാണ്‌ മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത്‌ ഭരണസമിതി നടപ്പാക്കാത്തത്‌.  ടൗണിലെ ഗതാഗതക്കുരുക്കും വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും അധികൃതർ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ബസ് നിർത്തിയിട്ട്‌ യാത്രക്കാരെ കയറ്റാനും ഇറക്കാനും കൃത്യമായ ഇടമില്ല. ട്രാഫിക് അഡ്വൈസറി കമ്മിറ്റി നിർദേശം നടപ്പാക്കുകയാണെങ്കിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാവും.  കഴിഞ്ഞ ഡിസംബറിൽ യോഗംചേർന്നെടുത്ത തീരുമാനങ്ങളാണ്‌ കടലാസിൽ ഒതുങ്ങിയത്‌. വെണ്ണിയോട്ടെ ഓട്ടോറിക്ഷ പാർക്കിങ് മാത്രമാണ് മാറിയത്.  തൊഴിലാളികൾ സ്വയം മാറിയതാണ്‌.  സ്വകാര്യ വാഹനങ്ങൾ പാത്തിക്കൽ റോഡിലും ഇരുചക്രവാഹനങ്ങൾ പഞ്ചായത്ത് ഓഫീസിനോട് ചേർന്നും   പാർക്ക് ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. ഗുഡ്സ് വാഹനങ്ങൾ പള്ളിക്കുന്ന് റോഡിൽ  വളവ് ഒഴിവാക്കിയും  ടാക്സി ജീപ്പുകൾ  കുടുംബശ്രീ ഹോട്ടലിനോട് ചേർന്ന സ്റ്റോറിന് മുൻവശത്തായി പാർക്ക് ചെയ്യാനും തീരുമാനമായതാണ്‌. ബസ്സുകൾ റേഷൻകടയുടെ മുൻഭാഗത്ത്‌ ഒതുക്കിനിർത്തണമെന്നും തീരുമാനിച്ചതാണ്‌. ഒന്നും നടപ്പായില്ല.  കോട്ടത്തറയിൽ ചരക്ക് വാഹനങ്ങൾ വെണ്ണിയോട് റോഡിലും ടൂ വീലറുകൾ കോട്ടത്തറ ബസ് സ്റ്റോപ്പിനും ടീ ഷോപ്പിനും ഇടയിലുള്ള ഭാഗത്ത് മാത്രമായും സ്വകാര്യ വാഹനങ്ങൾ പിണങ്ങോട് റോഡിൽ അക്ഷയ സെന്ററിന് സമീപത്തായും പാർക്ക് ചെയ്യാൻ തീരുമാനിച്ചതാണ്‌.  ഇരു ടൗണുകളിലും പാർക്കിങ്‌ സംവിധാനം നടപ്പാകാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ബുദ്ധിമുട്ടുകയാണ്‌. ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നാണ്‌ വ്യാപാരികളും ടാക്സി തൊഴിലാളികളും ആവശ്യപ്പെടുന്നത്‌.  Read on deshabhimani.com

Related News