പക്ഷിപ്പനി നിയന്ത്രണം പൂർണം



കോട്ടയം പക്ഷിപ്പനി ജില്ലയിൽ പൂർണമായി നിയന്ത്രിക്കാനായി. രോഗം സ്ഥിരീകരിച്ച നീണ്ടൂർ, കൈപ്പുഴ മേഖലയിലെ 9317   വളർത്തുപക്ഷികളെയാണ്‌ കൊന്നുകത്തിച്ചത്‌. ഇതിൽ രോഗം ബാധിച്ച താറാവ്‌ ഉൾപ്പെടെയുള്ള 1720 പക്ഷികളെയും സുരക്ഷയെന്നോണം ഒരു കി. മീറ്റർ ചുറ്റളവിലെ 7597 പക്ഷികളേയും കൊന്നിട്ടുണ്ട്‌. ഇനി മൂന്നുമാസംകൂടി നിരീക്ഷണംതുടരും. എന്നാൽ കുറെ പക്ഷികൾ ചത്ത വൈക്കം വെച്ചൂർ മേഖലയിൽ പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്നാണ്‌ വൈറോളജി ലാബിലെ പരിശോധനാഫലം. ഈ മാസം ആദ്യമാണ്‌ രോഗബാധയെ തുടർന്ന്‌  പക്ഷികളെ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ ഇല്ലായ്‌മചെയ്‌തത്‌. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ  ദൗത്യത്തെ കേന്ദ്ര നിരീക്ഷണസംഘം അഭിനന്ദിച്ചു. ദേശാടനപക്ഷികളിൽനിന്നും ‌ രോഗം പിടിപെട്ടെന്നാണ്‌ കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജാഗ്രത പുലർത്തുന്നുണ്ട്‌. രോഗം ഉണ്ടായ മേഖലകളിലെ ഫാമുകളിലും മറ്റും അണുനശീകരണം നടത്തി. നഷ്ടം സംഭവിച്ച കർഷകർക്ക്‌ സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. രണ്ടുമാസത്തിലധികം പ്രായമുള്ള പക്ഷികൾക്ക്‌ 200 രൂപയും അതിൽ താഴെയുള്ളവക്ക്‌ 100 രൂപയുമാണ്‌ സഹായം നൽകുന്നത്‌.   മേൽമണ്ണിലെ അണുക്കളേയും നശിപ്പിക്കാൻ മണ്ണ്‌ ഉഴുതുമറിച്ച്‌ അണുനാശിനി വിതറിയതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരിയും നോഡൽ ഓഫീസർ ഡോ. സജീവും അറിയിച്ചു. Read on deshabhimani.com

Related News