ആഹ്ലാദ നിറവിൽ 1,54,554 കുടുംബങ്ങൾ



  കൽപ്പറ്റ തൊഴിലുറപ്പ് ക്ഷേമപദ്ധതി  നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദഭരിതരായി ജില്ലയും.  തൊഴിലുറപ്പ്‌   പദ്ധതി ഏറ്റവും ആദ്യം നടപ്പാക്കിയതിന്റെ  പ്രയോജനം  പൂർണമായും ലഭിച്ച ജില്ലയിലെ തൊഴിലാളികൾ ആഹ്ലാദ നിറവിലാണ്‌. ചൊവ്വാഴ്‌ചയാണ്‌  നിയമസഭ ‌ ബിൽ പാസാക്കി  പദ്ധതിക്ക്‌ ഔദ്യോഗിക അംഗീകാരം നൽകിയത്.  എൽഡിഎഫ്‌  തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലെ  വാഗ്‌ദാനമാണ്‌ നടപ്പാകുന്നത്‌.   കേന്ദ്രസർക്കാർ ഫണ്ട്‌ വെട്ടിക്കുറച്ചും കൂലി വൈകിപ്പിച്ചുമെല്ലാം ഈ മേഖലയെ തകർക്കുമ്പോഴാണ്‌ രാജ്യത്തിനുതന്നെ മാതൃകയായി ‌ തൊഴിലിന്‌ കൂടുതൽ സുരക്ഷനൽകുന്ന നടപടികൾ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്‌. ജില്ലയിൽ രജിസ്‌റ്റർചെയ്‌ത 1,54,554  കുടുംബങ്ങൾക്കാണ്‌ ക്ഷേമിനിധിയുടെ ആനുകൂല്യം ലഭിക്കാൻ പോവുന്നത്‌. 41,496 ട്രൈബൽ കുടുംബങ്ങളും 5551 എസ്‌സി വിഭാഗക്കാരും ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കളാവും. മറ്റ് വിഭാഗത്തിലായി 1,07,507 പേർക്കും ആനുകൂല്യം ലഭിക്കും.     എൽഡിഎഫ്‌ സർക്കാർ നൽകുന്ന സംരക്ഷണം ഈ മേഖലയിൽ കൂടുതൽപേരെ ആകർഷിക്കുമെന്ന്‌ തൊഴിലാളികൾ പറഞ്ഞു. 18 നും  55 നും ഇടയിലുള്ളവർക്ക്‌ ക്ഷേമനിധിയിൽ അംഗങ്ങളാവാം. ഇവർക്കെല്ലാം പെൻഷൻ ആനുകൂല്യം, വിവാഹസഹായം, അപകട ധനസഹായം, വിദ്യാഭ്യാസ സഹായം എന്നിങ്ങനെയുള്ള  ക്ഷേമനിധി ആനുകൂല്യങ്ങൾ  ഉറപ്പാക്കാൻ കഴിയും. ആദിവാസികൾ ഉൾപ്പെടെ വലിയൊരുവിഭാഗം ജില്ലയിൽ തൊഴിലുറപ്പിനെ ആശ്രയിക്കുന്നുണ്ട്‌. കോവിഡ്‌ കാലത്ത്‌ വിവിധ മേഖലകളിൽ തൊഴിൽ പ്രതിസന്ധി നേരിട്ടപ്പോൾ ആയിരങ്ങൾക്ക്‌ ആശ്വാസമായത്‌ തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു. തൊഴിലാളികൾക്ക്‌  കൂടുതൽ കരുത്ത്‌ പകരുന്നതാണ്‌ സർക്കാരിന്റെ നടപടികളെന്ന്‌ തൊഴിലാളികൾ അഭിപ്രായപ്പെട്ടു.  Read on deshabhimani.com

Related News