ജ്വലിക്കുന്നു യുവതയുടെ പ്രതിഷേധം



കാസർകോട്‌ ജനങ്ങളെ കബളിപ്പിക്കുന്ന എം സി ഖമറുദ്ദീൻ എംഎൽഎയുടെയും മുസ്ലീംലീഗിന്റെയും കാപട്യം തുറന്നുകാട്ടി നാടെങ്ങും യുവജനപ്രതിഷേധം.  എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ്, ജ്വല്ലറി തട്ടിപ്പും വഖഫ് ഭൂമി തട്ടിപ്പുമായി ജനങ്ങളെ  വഞ്ചിക്കുന്നതിനെതിരെ 3000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പന്തം കൊളുത്തിയാണ് യൂണിറ്റുകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.  ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം ജനവഞ്ചകർക്കെതിരെയുള്ള യുവജന മുന്നേറ്റമായി.  എണ്ണൂറോളം പേരുടെ 150 കോടി രൂപ തട്ടിയെടുത്ത എംഎൽഎ രാജിവെയ്‌ക്കണമെന്നും അല്ലെങ്കിൽ വരുനാളുകളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും മുന്നറിയിപ്പ്‌ നൽകി.  നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച്‌ ജനങ്ങളെ കബളിപ്പിച്ച എംഎൽഎ നാടിന്‌ അപമാനമാണ്‌. വാങ്ങിയ പണവും സ്വർണവും മടക്കിനൽകാതെ നിക്ഷേപകരെ കബളിപ്പിക്കുമ്പോൾ തട്ടിപ്പുകാരന്‌ കുട പിടിക്കുകയാണ്‌ ലീഗ്‌ നേതൃത്വം. ഈ കാപട്യം തുറന്നുകാട്ടുന്നതിന്‌ ഡിവൈഎഫ്‌ഐ ഏറ്റെടുത്ത തുടർപ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ പ്രതിഷേധം.  ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌ കാസർകോടും ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌   മുറിയനാവിയിലും ഉദ്ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ കെ സബീഷ് പൊയ്യക്കരയിലും കാരിയിൽ എം രാജീവനും പൂടംകല്ലിൽ ഷാലു മാത്യുവും ബേവിഞ്ചയിൽ പി ശിവപ്രസാദും ഉദ്ഘാടനം ചെയ്‌തു.    Read on deshabhimani.com

Related News