വയനാടിനെ സമ്പൂർണ ശുചിത്വ ജില്ലയാക്കണം: മന്ത്രി എം വി ഗോവിന്ദൻ

കൽപ്പറ്റ നഗരസഭ വെള്ളാരംകുന്നിൽ നിർമിച്ച ഹരിത ബയോപാർക്ക്‌ ഉദ്‌ഘാടനം ചെയ്‌ത മന്ത്രി എം വി ഗോവിന്ദൻ പ്ലാന്റിലെ മാലിന്യ ശേഖരണ സംവിധാനങ്ങൾ കാണുന്നു


കൽപ്പറ്റ രണ്ടുവർഷംകൊണ്ട്‌ വയനാടിനെ സമ്പൂർണ ശുചിത്വ ജില്ലയാക്കണമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കൽപ്പറ്റ നഗരസഭ വെള്ളാരംകുന്നിൽ നിർമിച്ച ഹരിത ബയോപാർക്ക്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നാലുകൊല്ലംകൊണ്ട്‌ കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. ഇതിന്റെ മുമ്പിൽ നിൽക്കാൻ വയനാടിന്‌ കഴിയും. മാലിന്യപ്രശ്‌നം വയനാട്ടിൽ രൂക്ഷമല്ല. ജില്ലാ പഞ്ചായത്തുൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ മനസ്സുവച്ചാൽ രണ്ടുകൊല്ലംകൊണ്ട്‌ ശുചിത്വ ജില്ലയായി മാറാൻ കഴിയും. മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്‌കരിക്കണം. എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടാകണം. ഇതിന്‌ പണം തടസ്സമല്ല. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണം. മാലിന്യ പ്ലാന്റുകളല്ല, മാലിന്യ സംസ്‌കരണ പാർക്കുകളാണ്‌ വേണ്ടത്‌.  ഇവ ടൂറിസം കേന്ദ്രങ്ങളായി വളർത്തണം.  സഞ്ചാരികൾക്ക്‌ പഠിക്കാനും കാണാൻ കാഴ്‌ചകളുമുണ്ടാകണം. മാലിന്യ സംസ്‌കരണ പാർക്കുകളോട്‌ ചേർന്ന്‌ പൂന്തോട്ടങ്ങളും കളിസ്ഥലങ്ങളും വ്യാപാര കേന്ദ്രങ്ങളും സജ്ജമാക്കി  വരുമാനദായകമാക്കാം. ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കാൻ സ്വകാര്യ സംരംഭകരുണ്ടാകും. ലോകത്ത്‌ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന 50 സ്ഥലങ്ങളിൽ ഒന്നാണ്‌ കേരളം. ഇത്‌ നിലനിർത്തി മുമ്പോട്ട്‌ പോകണം. ഫാം ടൂറിസം ശക്തിപ്പെടുത്തണം. ഹോം സ്‌റ്റേ സംവിധാനം കാര്യക്ഷമമാക്കണം. വീടുകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികളും മറ്റു സൗകര്യങ്ങളും സഞ്ചാരികൾക്ക്‌  നൽകിയാൽ ടൂറിസത്തിന്റെ വരുമാനം കുടുംബങ്ങളിൽ എത്തും. താമസിക്കാൻ  സ്ഥലങ്ങൾ കിട്ടിയാൽ സഞ്ചാരികൾ കൂടുതലായി എത്തും. ഗ്രാമീണ ടൂറിസം വികസിക്കും. ഹരിത കർമ സേനാംഗങ്ങൾക്ക്‌ മിനിമം വേതനം ഉറപ്പാക്കാനുള്ള പദ്ധതി സർക്കാർ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ചടങ്ങിൽ ടി സിദ്ദിഖ്‌ എംഎൽഎ അധ്യക്ഷനായി.  നഗരസഭ സെക്രട്ടറി കെ. ജി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരയ്‌ക്കാർ, കലക്ടർ എ ഗീത, കെ അജിത, സി കെ ശിവരാമൻ,  ടി ജെ ഐസക്‌, അബു സലീം, സുരേഷ്‌ ബാബു, പി പി ആലി, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ജയരാജൻ, വി കെ ശ്രീലത, ഇ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.         Read on deshabhimani.com

Related News