‘മാസ്‌റ്റർ’ മാസ്‌; നിറഞ്ഞാടി പ്രേക്ഷകർ

കാസർകോട്‌ മൂവി മൂവിമാക്‌സിൽ ‘മാസ്‌റ്റർ’ സിനിമ കാണാനെത്തിയ പ്രേക്ഷകരുടെ ആഘോഷം


കാസർകോട്‌ മാസായി ‘മാസ്‌റ്റർ’ എത്തിയതോടെ സിനിമശാലകളിൽ പ്രേക്ഷകരുടെ ആഘോഷം. പത്ത്‌ മാസത്തിന്‌ ശേഷം സിനിമശാലകൾ നിറഞ്ഞു; കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ ബുധനാഴ്‌ച സിനിമശാലകൾ തുറന്നപ്പോൾ വിജയ്‌ ഫാൻസിന്റെ ആഘോഷമായിരുന്നു. ബാൻഡ്‌ വാദ്യവും കടലാസ്‌ പൂക്കളുമായി അകത്തും പുറത്തും കാണികൾ ഇളക്കിമറിച്ചു. ബുധനാഴ്‌ചത്തെ ടിക്കറ്റുകൾ ചൊവ്വാഴ്‌ച തന്നെ ബുക്ക്‌ ചെയ്‌തതിനാൽ തീർന്നിരുന്നു. വ്യാഴാഴ്‌ചക്കുള്ള ടിക്കറ്റുകൾ ബുധനാഴ്‌ച തീർന്നു.  മാസങ്ങളായുള്ള പിരിമുറുക്കവും വിരസതയും മാറ്റാൻ സിനിമ പ്രേക്ഷകർ എത്തിയപ്പോൾ രാവിലെ ഒമ്പതിന്‌ തന്നെ ആദ്യ പ്രദർശനം തുടങ്ങി. കാസർകോട്‌ മൂവി മാക്സിൽ മൂന്ന്‌ സ്‌ക്രീനിലായി ഒമ്പത്‌ പ്രദർശനം നടന്നു. രാത്രി ഒമ്പതിന്‌ കഴിയും. പകുതി സീറ്റുകളിലാണ്‌ പ്രവേശനം. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കണം. സാനിറ്റൈസറും മാസ്‌കും നിർബന്ധം.  പ്രേക്ഷകരെ ത്രസിപ്പിച്ചാണ്‌ മാസ്‌റ്റർ തുടങ്ങിയത്‌. വിജയിന്റെ നായകനും വിജയ്‌ സേതുപതിയുടെ വില്ലനും ആരവമായി. നായിക മലയാളിയായ മാളവിക മോഹനൻ. കാഴ്‌ചയുടെ വെളിച്ചം തിരിച്ചെത്തിയപ്പോൾ ജീവനക്കാരും സന്തോഷത്തിലാണ്‌. കോവിഡ്‌ കാലത്തെ പഞ്ഞമാസങ്ങൾ അത്ര പ്രയാസപ്പെട്ടാണ്‌ പിന്നിട്ടത്‌. വിനോദ നികുതിയിലും വൈദ്യുതി ചാർജിലും ഇളവ്‌ നൽകി സംസ്ഥാന സർക്കാർ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചതോടെയാണ് സിനിമ മേഖല ചലിച്ചത്‌.       Read on deshabhimani.com

Related News