മഴക്കെടുതി;
അടിയന്തരയോഗം ചേർന്നു

തെക്കുംകര കരുമത്ര – പറപ്പുറം റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ


തൃശൂർ മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വലയിരുത്തി ദുരിതാശ്വാസ നടപടികൾ ഉറപ്പാക്കാൻ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു.  ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ചാലക്കുടി മേഖലയിലെ സാഹചര്യം വിശദീകരിച്ചു. ശക്തമായ മഴയിൽ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയും ചാലക്കുടിപ്പുഴയുടെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇവിടങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ മന്ത്രി  നിർദേശം നൽകി.  ജില്ലയുടെ തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ കേരള ഷോളയാർ ഡാം ഉൾപ്പെടെ തുറന്നുവിടേണ്ട സാഹചര്യമുണ്ടാകും. വരുംദിനങ്ങളിൽ കൂടുതൽ മഴയുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.  അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് റവന്യൂ, ഫയർ ആൻഡ്‌ റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങളുടെ തയ്യാറെടുപ്പും മന്ത്രി യോഗത്തിൽ വിലയിരുത്തി.  വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് നേരത്തേതന്നെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കലക്ടർ ഹരിത വി കുമാർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പുഴകളിലെ ജലനിരപ്പ് വലിയ തോതിൽ വർധിച്ചത്. രാവിലെ ആറു മണിയോടെ ജലനിരപ്പ് ആറു മീറ്ററിലേറെ ഉയർന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ മടികാണിക്കരുതെന്നും കലക്ടർ അഭ്യർഥിച്ചു.  കാലവർഷവേളയിൽ നല്ല തോതിൽ മഴ ലഭിച്ച സാഹചര്യത്തിൽ മണ്ണിലെ ഈർപ്പം കൂടിയതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ കമീഷണർ എ കൗശികൻ യോഗത്തെ അറിയിച്ചു.  യോഗത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ, തൃശൂർ റൂറൽ എസ്‌പി   ജി പൂങ്കുഴലി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News