ലുബിന..ബ്ലാസ്‌റ്റേഴ്‌സിന്റെ
വയനാടൻ കരുത്ത്‌

ലുബിന


  കൽപ്പറ്റ  കൊച്ചിയിൽ കേരള വിമൻസ്‌ ലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പെൺപട തിളങ്ങുമ്പോൾ വയനാടൻ കരുത്തായി ലുബിന ബഷീറും. ജില്ലയുടെ ഫുട്‌ബോൾ ഗ്രാമമായ മേപ്പാടി, താഴെ അരപ്പറ്റ സ്വദേശിനിയായ ലുബിന ബ്ലാസ്‌റ്റേഴ്‌സ്‌ ഈ വർഷം രൂപീകരിച്ച സീനിയർ വനിതാടീമിലുടെയാണ്‌ ജില്ലക്ക്‌ അഭിമാനമാവുന്നത്‌.  ഫുട്‌ബോൾ ലഹരിയായി കൊണ്ടുനടക്കുന്ന നാട്ടിൽ ചെറുപ്പംമുതൽ സഹോദരങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം പന്ത്‌ തട്ടിയാണ്‌  ലുബിന കാൽപന്ത്‌ കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. ബാപ്പ തലയ്‌ക്കൽ പറമ്പിൽ ബഷീറും  ഫുട്‌ബോൾ കളിക്കാരനായിരുന്നു. ലുബിനയുടെ ഇഷ്ടത്തിന്‌ ബാപ്പയും പ്രചോദനംനൽകി. ഫുട്‌ബോൾ ക്ലബ്ബായ നോവ അരപ്പറ്റയുടെ ക്യാമ്പുകളിലൂടെ കളിക്കളത്തിൽ സജീവമായി. സ്‌കൂൾ തലത്തിൽ ജില്ലാ മത്സരങ്ങളിലും  ക്ലബ്‌ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയതോടെ സംസ്ഥാന മത്സരങ്ങൾക്കുള്ള കേരള ടീമിലും ഇടം കണ്ടെത്തി. സുബ്രതോ കപ്പിലും തിളങ്ങി. മലപ്പുറം ലൂക്കാ സോക്കർ ക്ലബിൽനിന്ന്‌ ‌ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ എത്തിയ ലുബിന മധ്യനിരയിലും മുന്നേറ്റനിരയിലും മികവ്‌ കാട്ടുന്നു.  ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്സിയുടെ അഭിമാനതാരം  മഞ്ജു ബേബി, സന്തോഷ്‌ട്രോഫിയിൽ കേരളത്തിന്റെ വിജയഗോൾ നേടിയ മുഹമ്മദ് സഫ്നാദ് എന്നിവർക്ക്‌ പിന്നാലെയാണ്‌ മേപ്പാടിയിൽ നിന്നുതന്നെ ലുബിനയും ഫുട്‌ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്നത്‌. ഫൈസൽ ബാപ്പു, ജി എസ്‌ ബൈജു എന്നിവരായിരുന്നു പ്രധാന പരിശീലകർ. തിരുവല്ല മാർത്തോമ കോളേജ്‌ ബിഎ ഇക്കണോമിക്‌സ്‌ രണ്ടാം വർഷ വിദ്യാർഥിനിയാണ്‌. ഉമ്മ: ഫാത്തിമാബി.   Read on deshabhimani.com

Related News