രണ്ടാം ദിനവും സജീവം



പത്തനംതിട്ട കനത്ത മഴയെയും അവഗണിച്ച് ജനങ്ങൾ ഒഴുകിയെത്തിയതോടെ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "എന്റെ കേരളം' പ്രദർശന വിപണന മേളയുടെ രണ്ടാം ദിനവും സജീവമായി. പതുക്കെ തുടങ്ങിയ ജനത്തിരക്ക് ഉച്ചയോടെ വർധിച്ചു. വൈകുന്നേരമായതോടെ സ്റ്റാളുകളിൽ തിരക്ക് ഏറെയായി. പതിവ് മാതൃകകളിൽനിന്നും വ്യത്യസ്തമായ കാഴ്ചാനുഭവം ഒരുക്കിയ പ്രദർശനം ഇതിനകം ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും അഭിമാനവും വിവരിക്കുന്ന എന്റെ കേരളം പവലിയനാണ് കൂടുതൽ ശ്രദ്ധേയം. ഭാവികേരളത്തിന്റെ രൂപമാതൃകയും ഇവിടെ വരച്ചുകാട്ടുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്റെ കേരളം തീം പവലിയൻ അണിയിച്ചൊരുക്കിയിരിക്കുന്നത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ്.  ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ തീർത്തിട്ടുണ്ട്. ഈ സ്റ്റാൾ ഇപ്പോൾതന്നെ സെൽഫിപോയിന്റായിക്കഴിഞ്ഞു. തങ്ങൾക്കിഷ്ടമുള്ള മുഖ്യമന്ത്രിമാർക്കൊപ്പംനിന്ന് സെൽഫിയെടുക്കാൻ തിരക്കുകൂട്ടുന്നവരിൽ യുവതലമുറ മുതൽ പ്രായംചെന്നവർവരെയുണ്ട്. ടൂറിസം മേഖലയിൽ  ജില്ലയുടെ സാമ്പത്തിക, - തൊഴിൽ സാധ്യതകൾ വിളിച്ചോതുന്ന ടൂറിസം വകുപ്പിന്റെ പവലിയനിലേക്കാണ് സന്ദർശകർ ആദ്യമെത്തുന്നത്. ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് ഇവിടെ ദർശിക്കാനാവുക. ഇതോടൊപ്പം കിഫ്ബിയുടെ പവലിയനും ജനങ്ങളെ ആകർഷിക്കുന്നു. സ്വന്തം നാട്ടിൽ, സ്വന്തം വീടിനടുത്ത് വരുന്ന പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരവും ലഭിക്കുന്നു.   Read on deshabhimani.com

Related News