കോട്ടയം ജനറൽ ആശുപത്രിയിൽ വൻ വികസന പദ്ധതി



  സ്വന്തം ലേഖകൻ കോട്ടയം ആർദ്രം മിഷന്റെ ഭാഗമായി കോട്ടയം ജനറൽ ആശുപത്രി വൻ വികസന കുതിപ്പിന്‌ ഒരുങ്ങിയതായി ജില്ലാ പഞ്ചായത്ത്‌ ഭാരവാഹികളും ജനറൽ ആശുപത്രി അധികാരികളും സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി 2.5 കോടിയുടെ ആർദ്രം ഒപി നവീകരണം ഉദ്‌ഘാടനം, 2.3 കോടി ചെലവഴിച്ച്‌ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ്‌ ഉദ്‌ഘാടനം എന്നിവ ഞായറാഴ്‌ച പകൽ‌ 2.30ന്‌ തിരുവനന്തപുരത്തും കോട്ടയത്ത്‌ ആശുപത്രി വളപ്പിലുമായി നടത്തും. ഒപി നവീകരണം മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫ്രൻസ്‌ മുഖേനയും ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നേരിട്ടും ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനാകും. ജോസ്‌ കെ മാണി എംപി ദീപം തെളിക്കും. തോമസ്‌ ചാഴികാടൻ എംപി സംസാരിക്കും. ചടങ്ങിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. ശോഭ സലിമോനും നിർമാണം പൂർത്തീകരിച്ച കരാറുകാരെ വികസന സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലിസമ്മ ബേബിയും ആദരിക്കും. വാർത്താസമ്മേളനത്തിൽ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, സഖറിയാസ്‌ കുതിരവേലിൽ, പി കെ ആനന്ദക്കുട്ടൻ, ഡോ. വ്യാസ്‌ സുകുമാരൻ, ഡോ. ബിന്ദുകുമാരി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News