പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ: 
ഒരാൾകൂടി അറസ്റ്റിൽ

അരുൺ


പുറക്കാട്ടിരി നഗരത്തിലെ സ്കൂളിൽ ടിസി വാങ്ങാൻ പോയ പുറക്കാട്ടിരിയിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ മയക്കുമരുന്ന്‌ സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. പുറക്കാട്ടിരി വെള്ളച്ചുംകണ്ടി വീട്ടിൽ അരുൺ (27) ആണ് അറസ്റ്റിലായത്. അരുണും ഒന്നാം പ്രതിയായ അബ്ദുൾനാസറുമാണ്‌  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള പദ്ധതി തയ്യാറാക്കിയത്‌.  ടൗൺ അസി.കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് ഒരു മാസക്കാലമായി ഒളിവിൽ കഴിയുന്ന അരുണിനെ വയനാട്ടിൽനിന്ന് പിടികൂടിയത്. ഇയാൾ വ്യാഴാഴ്ചയാണ് വയനാട്ടിൽ എത്തിയത്.  ജൂലൈ ആറിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒന്നാം പ്രതി പുറക്കാട്ടിരി സ്വദേശി ബൈത്തുൽ നൂർ വീട്ടിൽ അബ്ദുൽ നാസറിനെ ബംഗളൂരുവിലെ ചന്നപട്ടണത്തുനിന്ന് പെൺകുട്ടിയോടൊപ്പം പൊലീസ്  പിടികൂടുകയായിരുന്നു. കൂട്ടാളികളായ പെരിയായിൽ സുബിൻ, ഉള്ളിയേരി കൊളത്തൂർ സ്വദേശി കുന്നത്ത് താഴെ കുനി സിറാജ് എന്നിവർ പിന്നീട് അറസ്റ്റിലായി.  രണ്ടുപേരെ പിടികൂടാനുണ്ട്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ബിജുമോഹൻ, എസ് ദീപ്തീഷ്, ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അർജുൻ, അജിത്ത് കാരയിൽ, സുനോജ്, സൈബർ വിദഗ്‌ധൻ പി കെ വിമീഷ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.   Read on deshabhimani.com

Related News