മോഷണം നടത്തിയത് പലവട്ടം



പാമ്പാടി  കൂരോപ്പട ചെന്നാമറ്റത്ത് വൈദികന്റെ വീട്ടില്‍ മകന്‍ ഷൈനോ നൈനാൻ ജേക്കബ് മോഷണം നടത്തിയതിന് പിന്നില്‍ അമിത കട ബാധ്യത. മൊഴിയിലെ വൈരുധ്യവും അന്വേഷണഘട്ടത്തിലെ പതർച്ചയും പ്രതിയിലേക്ക് എളുപ്പമെത്താന്‍ പൊലീസിനെ സഹായിച്ചു. വീട്ടിൽ ആളില്ലാത്തപ്പോള്‍ നടന്ന മോഷണത്തിൽ തുടക്കംമുതൽ പൊലീസ് വീട്ടിലുള്ളവരെ സംശയിച്ചിരുന്നു. അടുക്കളവാതിൽ തകർത്തതിന്റെ കേടുപാടുകൾ കാണാതിരുന്നതും സംശയം വർധിപ്പിച്ചു. അമിത കടബാധ്യതയുണ്ടായിരുന്ന പ്രതി പലപ്പോഴായി മാലയുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വീട്ടില്‍നിന്ന് മോഷ്‍ടിച്ചിരുന്നു. പൊലീസ് പറഞ്ഞു. മാല വിറ്റുകിട്ടിയ പണമുപയോഗിച്ച് വാങ്ങിയ മൂന്ന് വളകളും അന്വേഷകസംഘം കണ്ടെത്തി. വീട്ടുകാർ സംശയിക്കാതിരിക്കാൻ കഴിഞ്ഞദിവസം ഇയാൾ മോഷണനാടകം നടത്തുകയായിരുന്നു. മോഷ്ടാക്കൾ പുറത്ത്നിന്ന് എത്തിയവരാണെന്ന് വരുത്താന്‍ വീട് കുത്തിത്തുറന്ന പ്രതി ഉള്ളിൽ മുളകുപൊടിയും വിതറി. മോഷ്ടിച്ച സ്വർണവുമായി രക്ഷപ്പെടുന്നതിനിടയിൽ 21 പവനോളം സ്വർണം ഇയാളുടെ പക്കൽനിന്നും നഷ്ടപ്പെട്ടു. ഇത് പൊലീസ് കണ്ടെത്തി. ഇതും പരിചയസമ്പന്നരായ മോഷ്ടാക്കളല്ലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു. വീടിനുള്ളിൽ വിതറാൻ വാങ്ങിയ മുളക് പൊടിയുടെ കവറും കണ്ടെത്തി. മോഷണം നടത്തിയ സമയത്ത് ഇയാളുടെ ഫോൺ ഫ്ലൈറ്റ് മോഡിലായിരുന്നു. ഭാര്യയെയും മക്കളെയും വീട്ടിൽനിന്നും മാറ്റിയ ഇയാൾ മോഷണത്തിനായി പരിശീലിച്ചതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഇത്തരത്തിൽ ഒരുകൃത്യം ചെയ്‍തെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു.  പാമ്പാടി എസ്ഐ കെ എസ് ലെബിമോൻ, കെ ആര്‍ ശ്രീരംഗൻ, ജോമോൻ എം തോമസ്, എം എ ബിനോയി, ജി രാജേഷ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഓമാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്, സാജു പി മാത്യു, ജിബിൻ ലോബോ, പി സി സുനിൽ, ജസ്റ്റിൻ, ജി രഞ്ജിത്ത്, ടി ജി സതീഷ്, സരുൺ രാജ്, അനൂപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രിതിയെ പിടികൂടിയത്. Read on deshabhimani.com

Related News