പുന്നിലത്ത് ക്രിമിനൽ സംഘം 
ഏറ്റുമുട്ടി; അഞ്ചുപേർ അറസ്‌റ്റിൽ



തിരുവല്ല  മാരകായുധങ്ങളുമായി കവിയൂർ പുന്നിലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തമ്മിൽ തല്ലിയ സംഭവത്തിൽ കാപ്പാക്കേസ് പ്രതി അടക്കം അഞ്ചുപേരെ തിരുവല്ല പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവരിൽനിന്ന്‌ വടിവാളും കഠാരയും ഉൾപ്പെടെയുള്ള മാരകായുധങ്ങളും  പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ പുന്നിലം ജംഗ്ഷന് സമീപമായിരുന്നു സംഭവം.  ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ എബ്രഹാം ( 29 ),  നെല്ലിക്കുന്നിൽ വീട്ടിൽ അജയകുമാർ ( 28 ), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയിൽ വീട്ടിൽ അനിൽകുമാർ ( 26 ), പള്ളിക്കകച്ചിറ അമ്പാട്ട് വീട്ടിൽ സുമിത്ത് (28), കവിയൂർ തൂമ്പുങ്കൽ കോളനിയിൽ വിഷ്ണു നിവാസിൽ ജിഷ്ണു ( 28 ) എന്നിവരാണ് പിടിയിലായത് .    വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ്‌ എത്തി  സംഘത്തെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.     അനീഷ് കെ എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്‌.   മറ്റ് നാല് പ്രതികൾ കഞ്ചാവ് വിൽപ്പനയും അടിപിടിയും അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന്  ഇൻസ്‌പെക്ടർ  ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. തിരുവല്ല കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News