പുത്തൂർ സുവോളജിക്കൽ പാർക്ക്‌ അടുത്തവർഷം തുറക്കും

മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവർ പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നു


തൃശൂർ  പുത്തൂർ സുവോളജിക്കൽ പാർക്ക്‌ അടുത്തവർഷം ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന്‌ മന്ത്രി  എ കെ ശശീന്ദ്രൻ. നിർമാണപ്രവൃത്തി പ്രതീക്ഷിച്ചതിലും വേഗം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമയായി പൂർത്തിയാക്കും.  പാർക്ക്‌ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.    കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ, രാത്രിസഞ്ചാരികൾ എന്നിവയെ ജൂലൈ മാസംമുതൽ പാർക്കിൽ എത്തിക്കുമെന്ന്‌  മന്ത്രി കെ രാജൻ പറഞ്ഞു. സൂ അതോറിറ്റി ഓഫ്‌  ഇന്ത്യയുടെ അനുമതിയോടെ വിദേശമൃഗങ്ങളെ കൊണ്ടുവരുന്നതിനും പാർക്കിൽ യാത്രയ്‌ക്ക്‌ 30 ട്രാം  സജ്ജമാക്കുന്നതിനും താൽപ്പര്യം പത്രം ക്ഷണിച്ചതിൽ  നിരവധിപേർ സന്നദ്ധരായി.   ജൂൺ 30നുശേഷം ടെൻഡർ നടപടികളിലേക്ക്‌ കടക്കും.    കിഫ്‌ബിയിൽനിന്നും 269.75 കോടിയും പ്ലാൻഫണ്ടിൽനിന്ന്‌ 40 കോടിയും ഉൾപ്പെടുത്തിയാണ്‌ പാർക്ക്‌ നിർമാണം ആരംഭിച്ചത്‌. ഇപ്പോൾ പ്ലാൻ ഫണ്ടിൽനിന്നും ആറു കോടികൂടി അനുവദിച്ചു. 210 കോടിയുടെ നിർമാണപ്രവൃത്തികൾ   പൂർത്തിയായി. മറ്റു പ്രവൃത്തികൾ പൂർത്തിയാവുന്ന മുറയ്ക്ക്‌ കിഫ്‌ബി ഫണ്ട്‌ അനുവദിക്കും.    പക്ഷിമൃഗാദികളുടെ  ആവാസവ്യവസ്ഥകൾക്കു പുറമെ മൃഗാശുപത്രി. കിടത്തി ചികിത്സാ വിഭാഗം, പോസ്‌റ്റ്‌മോർട്ടം വിഭാഗം, ക്രിമിറ്റോറിയം എന്നിവയും പൂർത്തിയായി. മണലിപ്പുഴയിൽനിന്ന്‌ ജലലഭ്യത ഉറപ്പാക്കി. മഴവെള്ള സംഭരണികൾ നിർമിച്ചു. ജലപുനരുപയോഗ സംവിധാനവും ഒരുക്കി.  നടപ്പാതയ്‌ക്കു മുകളിൽ സോളാർ സ്ഥാപിച്ച്‌  സൗരോർജം   ഉൽപ്പാദിപ്പിക്കും.  മൂന്നാംഘട്ടത്തിലേക്കുള്ള നിർമാണവും സമാന്തരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുവോളജിക്കൽ പാർക്ക്‌ സ്‌പെഷ്യൽ ഓഫീസർ  കെ കെ വർഗീസ്‌, ഡയറക്ടർ കെ  കീർത്തി,  സിസിഎഫ്‌ കെ ആർ അനൂപ്‌, കേന്ദ്ര പൊതുമരാമത്ത്‌ ഇ ഇ  ഷഷ്വത്‌ ഗൗർ,  കോർപറേഷൻ വികസന കാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ്‌ കണ്ടംകുളത്തി, പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരും മന്ത്രിമാർക്കൊപ്പമുണ്ടായി. Read on deshabhimani.com

Related News