സ്വകാര്യ ബസുകളുടെ മത്സരയോട്ടം: കർശന നടപടിയുമായി പൊലീസ്



ശൂരനാട് മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ് അറിയിച്ചു. വിവിധ റൂട്ടുകളിലെ സ്വകാര്യ ബസ്‌ ജീവനക്കാർ തമ്മിൽ മത്സരവും സംഘർഷവും തുടരുന്ന പശ്ചാത്തലത്തിലാണ്‌ ശൂരനാട് പൊലീസിന്റെ നടപടി. ലഹരി ഉപഭോഗം വർധിക്കുന്നതായും പരാതിയുണ്ട്‌. തിങ്കൾ രാത്രി 10ന്‌ കാറിലും ബൈക്കിലുമായി സംഘടിച്ചെത്തിയ ജീവനക്കാർ ചക്കുവള്ളി ജങ്‌ഷനിൽ ചേരിതിരിഞ്ഞ്‌ കമ്പിവടിയും മദ്യക്കുപ്പിയും കൊണ്ട്‌ ഏറ്റുമുട്ടി. സംഭവസ്ഥലത്തേക്ക്‌ പൊലീസ് എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റിട്ടും ഇരുവിഭാഗവും പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇതോടെ ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തി. 25 ബസ്‌ പരിശോധിച്ചു. മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിലായി. ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദുചെയ്യാനുള്ള നടപടി ആരംഭിച്ചു. കണ്ടക്ടർ ലൈസൻസ്, യൂണിഫോം എന്നിവയില്ലാത്ത 20 പേർക്കു പിഴയിട്ടു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ശൂരനാട് എസ്എച്ച്ഒ അറിയിച്ചു. Read on deshabhimani.com

Related News