ലഹരിസംഘത്തെ ഒറ്റപ്പെടുത്തുക: എസ്‌എഫ്ഐ



കൊല്ലം സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കൊല്ലം എസ്എൻ കോളേജിൽ അശാന്തി പടർത്താനുള്ള ലഹിര മാഫിയയുടെ നീക്കത്തെ വിദ്യാർഥികളും അധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ക്യാമ്പസിലെ വിദ്യാർഥികൾ ദീർഘകാലമായി എസ്എഫ്ഐക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത്. അടുത്തിടെ ലഹരിക്ക് അടിമപ്പെട്ട ഒരു കൂട്ടം വിദ്യാർഥികൾ സംഘംചേർന്ന് എംസി ഗ്യാങ് എന്ന പേരിൽ ക്യാമ്പസിൽ ആക്രമണം നടത്തുകയാണ്‌. എസ്എഫ്ഐയുടെ കോളേജ് യൂണിയൻ ചെയർമാൻ ഹരിപ്രസാദിനെ ജൂൺ ഒമ്പതിന് ഇക്കൂട്ടർ  ആക്രമിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ എസ്എഫ്ഐ നേതാവ് ഗൗരിയെ ആക്രമിച്ച് കൈയ്ക്ക് പരിക്കേൽപ്പിച്ചതും ഇതേ സംഘമാണ്. തുടർന്ന് കുറ്റക്കാരായ ഏഴ് വിദ്യാർഥികളെ കോളേജിൽനിന്ന് സസ്‌പെൻഡ്‌ ചെയ്യുകയും പിന്നീട് അന്വേഷണത്തെ തുടർന്ന് മുജീബ് എന്ന വിദ്യാർഥിയെ പുറത്താക്കുകയുംചെയ്തു. കുറ്റക്കാരായ ഈ ഗ്യാങ്ങിനെ പല വിദ്യാർഥി സംഘടനകളും അകറ്റിനിർത്തിയിട്ടും എഐഎസ്എഫ് അംഗീകരിക്കുന്ന സ്ഥിതിയാണ്‌. ഈ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഒറ്റയ്ക്കാണ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തെരഞ്ഞെടുപ്പിനെ തുടർന്ന്‌ ഈ മയക്കുമരുന്ന് സംഘം ബുധനാഴ്ച കോളേജിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുമെന്ന് ഇവർ വാട്സാപ്പിലൂടെയും മറ്റും ഭീഷണിപ്പെടുത്തി. എന്നാൽ, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ ഈ സംഘം ബോധപൂർവം പ്രകോപിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. എസ്എഫ്ഐ പ്രവർത്തകനായ ദേവനെ ക്യാന്റീനു സമീപത്ത് അക്രമിക്കുകയുംചെയ്‌തു. വസ്തുത ഇതാണെന്നിരിക്കെ എസ്എഫ്ഐക്കെതിരെ കുപ്രചാരണം അഴിച്ചുവിടുന്നത് യാഥാർഥ്യം മറയ്ക്കാനാണ്. നിരന്തരം അച്ചടക്കലംഘനം നടത്തിയും അക്രമം സൃഷ്ടിച്ചും നടക്കുന്ന ഈ സംഘത്തിന്‌ എഐഎസ്എഫ് അഭയം നൽകുന്നത് ശരിയായ നിലപാടല്ല. പഠനത്തിൽ മികവ്‌ പുലർത്തുന്ന കൊല്ലം എസ്എൻ കോളേജിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ വിഷ്ണുവും സെക്രട്ടറി ആർ ഗോപീകൃഷ്ണനും പ്രസ്താവനയിൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News