ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌



കോട്ടയം ബിജെപി സർക്കാരിന്റെ പിന്തുണയിൽ ത്രിപുരയിൽ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച കോട്ടയത്ത്‌ ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കും. കോട്ടയം തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനംചെയ്യും.     അർധഫാസിസ്‌റ്റ്‌ വാഴ്‌ചയിലൂടെ ഭീതിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച്‌ ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌  അവിടെ ഭരണം നടത്തുന്ന ബിജെപി ശ്രമിക്കുന്നത്‌. ജനാധിപത്യ വിശ്വാസികൾക്ക്‌ ഇത്‌ അനുവദിച്ച്‌ കൊടുക്കാനാവില്ലെന്നും ത്രിപുര ജനതയ്‌ക്ക്‌ എല്ലാ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ്‌ സദസ്സ്‌ സംഘടിപ്പിക്കുന്നതെന്നും ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു.     സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണംപോലും തടയുന്ന വിധം ത്രിപുരയിൽ ബിജെപി ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്‌. എംഎൽഎമാർക്ക്‌ സ്വന്തം മണ്ഡലത്തിൽ സഞ്ചരിക്കുന്നതിനുപോലും തടസ്സങ്ങൾ സൃഷ്‌ടിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന ഐക്യദാർഢ്യസദസ്സ്‌ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന്‌ എ വി റസൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News