പഴകിയ മീനിന്‌ 
പിടിവീഴും



പത്തനംതിട്ട ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ജില്ലയിൽ ഊർജിതമായി തുടരുന്നു. ഭക്ഷ്യസ്ഥാപനങ്ങൾക്ക്‌ പുറമെ മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലെയും പരിശോധന വ്യാപിപ്പിച്ചു. സംസ്ഥാനത്ത്‌ പഴകിയ മത്സ്യം പിടികൂടിയ സാഹചര്യത്തിലാണ്‌ പരിശോധന കടുപ്പിച്ചിരിക്കുന്നത്‌. രണ്ട്‌ ദിവസമായി വിൽപ്പനകേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്‌. ചൊവ്വാഴ്‌ച മൂന്ന്‌ പരിശോധനകൾ നടന്നു. ഗുരുതര പിഴവുകൾ ശ്രദ്ധയിൽപെട്ടിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും.  ജില്ലയിൽ ഹോൾസെയിൽ മാർക്കറ്റായ കുമ്പഴ, പന്തളം കടയ്‌ക്കാട്‌, തിരുവല്ല മഴുവങ്ങാട്‌ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടക്കും.  ചൊവ്വാഴ്‌ച അടൂർ, തിരുവല്ല എന്നിവിടങ്ങളിലായി 16 ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടന്നു. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചിരുന്ന രണ്ട്‌ കട അടപ്പിച്ചു. 16 മുതൽ ഹെൽത്ത്‌ കാർഡ്‌ കൾക്കശമാകുന്ന സാഹചര്യത്തിൽ കടകളിൽ ഹെൽത്ത്‌ കാർഡ്‌ പരിശോധനയും ശക്തമാണ്‌. സ്ഥാപനങ്ങളിൽ മിക്കവർക്കും കാർഡ്‌ ഉണ്ടെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കാർഡില്ലാത്തവരോട്‌ എത്രയും വേഗം എടുക്കാൻ നിർദേശം നൽകുന്നുണ്ട്‌.  പഴയതിനെ അപേക്ഷിച്ച്‌ നല്ല പ്രതികരണമാണ്‌ സ്ഥാപനങ്ങളിൽ നിന്ന്‌ ഉണ്ടാകുന്നത്‌. കാർഡ്‌ എടുക്കുന്നതിനോട്‌ സ്ഥാപന ഉടമകളും തൊഴിലാളികളും സഹകരിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും. Read on deshabhimani.com

Related News