സ്വാതന്ത്ര്യ പ്രക്ഷോഭത്തെ നേർദിശയിലേക്ക്‌ നയിച്ചത്‌ കമ്യൂണിസ്‌റ്റുകാർ: കെ കെ ശൈലജ

അറാക്കൽ കുഞ്ഞിരാമൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാർ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


മയ്യിൽ  കർഷകരും തൊഴിലാളികളുമെല്ലാം ഉൾക്കൊണ്ട വലിയ ജനവിഭാഗം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന്‌  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ.    ‘ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ, സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകരുടെ പങ്കും'  വിഷയത്തിൽ അറാക്കൽ കുഞ്ഞിരാമൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ  സംസാരിക്കുകയായിരുന്നു അവർ.  ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നേർപങ്ക്  കമ്യൂണിസ്റ്റുകാർക്കെന്നതിന്റെ തെളിവാണ്‌ രാജ്യത്തുടനീളം നടന്ന നിരവധി സമരങ്ങൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിലുണ്ടായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരാണ് ഇതിനെ ശരിയായ ദിശയിലേക്ക് നയിച്ചത്. അവർ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക്‌ കരുത്ത് പകർന്നു. അഹിംസയിലൂടെയാണ് സ്വാതന്ത്ര്യം നേടിയതെന്ന് കോൺഗ്രസ് പറയുന്നതെങ്കിലും സ്വാതന്ത്ര്യസമരം രക്തരൂഷിതമായിരുന്നു.  ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ അടിമപ്പെട്ട്‌ സ്വാതന്ത്ര്യസമരത്തെ തന്നെ ഒറ്റുകൊടുത്ത ആർഎസ്എസും ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ അവകാശമുന്നയിക്കുന്നുവെന്നതാണ്‌ ഏറ്റവും വലിയ കൗതുകം. സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കാനാണ്‌ ബിജെപി ഭരണം ശ്രമിക്കുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി.  സംസ്ഥാനകമ്മിറ്റിയംഗം  എൻ ചന്ദ്രൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു.  സെമിനാർ നഗറിലേക്ക് കണ്ടക്കൈ പുല്ലുപറി സമരകേന്ദ്രമായ ആമ്പിലേരിയിൽനിന്ന് ദീപശിഖയെത്തിച്ചു. കണ്ടക്കൈയിലെ മുതിർന്ന പാർടി അംഗം യു കുഞ്ഞപ്പയാണ് ദീപശിഖ വളന്റിയർമാർക്ക്‌ കൈമാറിയത്. എ ബാലകൃഷ്ണൻ അധ്യക്ഷനായി. എം സി ശ്രീധരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി കുടുംബങ്ങളെ ആദരിച്ചു Read on deshabhimani.com

Related News