നാടിനഭിമാനം; പ്രകാശൻ ഇനി സിനിമയിലും



 കൊടക്കാട്  നാടക വേദികളിൽനിന്നും വെള്ളച്ചാലിലെ ഇ പ്രകാശൻ ഒടുവിൽ സിനിമയിലും വേഷമിട്ടു. എന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലാണ്‌ നാടകവേദിയിലെ സ്ഥിരംസാന്നിധ്യമായ പ്രകാശനും വേഷമിട്ടത്. ചെറുപ്പത്തിൽ  തെയ്യം കാണാൻ പോയി വീട്ടിലെത്തിയാൽ പ്രകാശനും കൂട്ടുകാരും വേഷഭൂഷാദികളില്ലെങ്കിലും പച്ചോല കെട്ടി  തകരപ്പാത്രങ്ങളും കൊട്ടി വീട്ടിൽ  കെട്ടിയാടുന്ന ഓർമ വെള്ളച്ചാലുകാർക്ക് കൗതുകമായിരുന്നു. പ്രദേശത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മികച്ച സംഘാടനം നൽകുന്നു.  ഏത് പ്രതിസന്ധിയിലും  സഹായത്തിനായി നാട്ടുകാർക്കൊപ്പമുണ്ടാകും. എവിടെ പ്രഛന്നവേഷ മത്സരം നടന്നാലും സമ്മാനം പ്രകാശന്‌ തന്നെ.    നൊണ, ബീഡി, ഒടിയൻതിരകൾ, മസാല തുടങ്ങി പന്ത്രണ്ട് തെരുവുനാടകങ്ങളിലായി 1500 ലധികം വേദികളിൽ വേഷമിട്ട  പ്രകാശന്റെ സ്ത്രീ വേഷങ്ങൾ കഴിവ് തെളിയിച്ചു. ചെണ്ടമേളം അഭ്യസിച്ചു. ശിങ്കാരിമേളം പരിശീലകനാണ്.  ശിൽപ്പനിർമാണവും ഫോട്ടോഗ്രഫിയും പൂന്തോട്ട നിർമാണവും വഴങ്ങുമെന്ന് തെളിയിച്ചു. ഓണാഘോഷത്തിലെ പൂക്കള മത്സരങ്ങൾ  കുത്തകയായിരുന്നു.  കോവിഡ് കാലത്ത് ഏറെ ചർച്ച ചെയ്‌ത വെളിച്ചപ്പാട് നാടകം 50 വേദികൾ പിന്നിട്ടു.15 മത്സരങ്ങളിൽ 13 ലും സമ്മാനം നേടി. മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഡി വൈഎഫ്ഐ ജില്ലാ സമ്മേളന പന്തലും കൊടിമരവും  പ്രകാശന്റെ കരവിരുതാണ്. ജിനോ ജോസഫ്,  ഇ വി ഹരിദാസ് , ഗംഗൻ ആയിറ്റി, വിനോദ് ആലന്തട്ട,  എം ടി അന്നൂർ തുടങ്ങിയ  സംവിധായകരുടെ കീഴിൽ നാടകം അഭ്യസിച്ചു. പ്രകാശനിലെ കലാകാരനെ കണ്ടെത്തിയതും വളർത്തിയതും അനിൽ നടക്കാവാണ്.  റിലീസിന് കാത്തിരിക്കുന്ന 'അന്ത്രു ദ മാൻ 'എന്ന സിനിമയിൽ ഹരിശ്രീ അശോകന്റെ കൂടെ വേഷമിട്ടു. വെള്ളച്ചാൽ യങ്‌മെൻസ്‌  പ്രവർത്തകനാണ്‌.   Read on deshabhimani.com

Related News