രാജിസമർപ്പിക്കാനെത്തിയ നേതാക്കളെ 
ഡിസിസി ഓഫീസിൽനിന്നും ഇറക്കിവിട്ടു



തൃശൂർ ചേലക്കരയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായി പി എം അനീഷിനെ നിയമിച്ചതോടെ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ ഒമ്പത്‌ പ്രാദേശികനേതാക്കളുടേയും 50 പ്രവർത്തകരുടേയും കൂട്ടരാജി.  രാജിക്കത്തുകളും പരാതികളുമായി ഡിസിസി ഓഫീസിലെത്തിയ നേതാക്കളെ ഓഫീസിൽനിന്ന്‌ ഇറക്കിവിടുകയും ചെയ്‌തു.  പ്രശ്‌നത്തിന്‌ പരിഹാരമായില്ലെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽപേർ രാജിവയ്‌ക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.  ബ്ലോക്ക്‌ സെക്രട്ടറിമാരായ പ്രദീപ് നമ്പ്യാത്ത്, ഹസൈനാർ, മണ്ഡലം പ്രസിഡന്റ്‌ വിനോദ് പന്തലാടി, മണ്ഡലം ഭാരവാഹികളായ കെ എസ് മുസ്തഫ, കെ കെ സത്യൻ, കെ കെ അഷറഫ്, സതീഷ് മുളക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സി കെ നിർമല, വൈസ് പ്രസിഡന്റ്‌ ഗീത ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് രാജിവച്ചത്‌.  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ജില്ലയിലെ ബ്ലോക്ക്‌ പ്രസിഡന്റമാരുടെ ലിസ്‌റ്റ്‌ പുറത്തുവിട്ടതിനു പിന്നാലെയാണ്‌  തർക്കവും കൂട്ടരാജിയും.  തർക്കം രൂക്ഷമായതോടെ രണ്ടു ഘട്ടങ്ങളിലായാണ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിയമിച്ചുള്ള പട്ടിക പുറത്തുവിട്ടത്‌. 24 പ്രസിഡന്റുമാരുടെ ആദ്യ ലിസ്‌റ്റ്‌ പുറത്തുവന്നതോടെ വടക്കാഞ്ചേരിയിലെ ഡിസിസി സെക്രട്ടറി കെ അജിത്‌കുമാർ രാജിവച്ചിരുന്നു.   പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്‌ പോകുമെന്ന ഭീഷണി മുഴക്കിയതോടെയാണ്‌ ഫ്രാൻസിസ്‌ ചാലിശേരിക്ക്‌  തൃശൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചത്‌.  എന്നാൽ  പ്രവർത്തന മികവില്ലാത്തവരെ പ്രസിഡന്റാക്കിയെന്ന്‌ പറഞ്ഞ്‌ മുതിർന്ന നേതാവ്‌ കെ പി വിശ്വനാഥന്റെ പ്രതിഷേധം പൊട്ടിത്തെറിയിലെത്തി നിൽക്കുകയാണ്‌. എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ തൃശൂരിൽ ഏഴു പ്രസിഡന്റുമാരെമാത്രമാണ്‌ നൽകിയത്‌. ഔദ്യോഗിക ഐ ഗ്രൂപ്പിനും കാര്യമായ പ്രാതിനിധ്യമില്ല. കെ സി വേണുഗോപാലിന്റെ ഇഷ്ടക്കാരെ  നിയമിച്ചതിലും അമർഷം   വ്യാപകമാണ്‌.  തിങ്കളാഴ്‌ച ചേലക്കര, പാണഞ്ചേരി ബ്ലോക്ക്‌ പ്രസിഡന്റുമാരെകൂടി കെപിസിസി നിയമിച്ചതോടെയാണ്‌ സംഘർഷത്തിലേക്ക്‌ കടന്നത്‌.  രാജിക്കത്ത്‌ നൽകാൻ ഓഫീസിലെത്തിയവരെ  ഡിസിസി  ഓഫീസ്‌ സെക്രട്ടറി ജോസ്‌ തള്ളി പുറത്താക്കി ഗേറ്റ്‌ അടച്ചു. മുൻധാരണ അട്ടിമറിച്ച്‌ രമ്യ ഹരിദാസ്‌ എംപിയുടെ നോമിനിയെ  നിയമിച്ചതിനെതിരെയാണ്‌ പരാതിയുമായി  നേതാക്കൾ ഡിസിസി ഓഫീസിലെത്തിയത്‌. 40 വർഷത്തെ പാരമ്പര്യമുള്ള ഗോപാലകൃഷ്ണനെബ്ലോക്ക്‌ പ്രസിഡന്റാക്കാനായിരുന്നു ധാരണ. ഇത്‌ അട്ടിമറിച്ച്‌ പാർട്ടി അംഗത്വംപോലുമില്ലാത്ത അനീഷിനെ പ്രസിഡന്റാക്കിയതോടെയാണ്‌ തങ്ങൾ രാജിവച്ചതെന്ന്‌ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News