കൃഷി സംരംഭകരുടെ 
പാഠശാലയായി ആറളം

കൃഷി രീതി മനസിലാക്കാൻ ആറളം ഫാം ആദിവാസി മേഖലയിൽ എത്തിയ കൃഷിക്കാരുടെ സംഘം


ഇരിട്ടി സംരംഭകർക്ക്‌ പാഠശാലയായി ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ  കൃഷിയിടങ്ങൾ. സംസ്ഥാനത്ത്‌ കൃഷി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ആദിവാസികൾക്ക്‌  നബാർഡ്‌ നിർദേശിക്കുന്ന കാർഷിക മാതൃക ആറളമാണ്‌. ഫാമിലെ ആദിവാസി കർഷകരെ  കാർഷിക അധ്യാപകരായാണ്‌ നബാർഡ്‌ പരിഗണിക്കുന്നത്‌.   മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ള കർഷകർ ഇതിനകം ആറളം ഫാം ആദിവാസി മേഖലയിൽ കൂട്ടുകൃഷി പഠിക്കാനെത്തി. കാസർകോട്‌ ജില്ലയിലെ കോടോം–- ബേളൂർ പഞ്ചായത്തിലെ 18 ഊരുകളിലെ 200 കർഷകർ കഴിഞ്ഞ ഒരാഴ്ചയായി വിവിധ ബാച്ചുകളായി ഇവിടത്തെ കൃഷിയിടം സന്ദർശിക്കുകയാണ്‌.  ആട് വളർത്തൽ, ജൈവ വളം നിർമാണം, തേനീച്ച വളർത്തൽ, തയ്യൽ യൂണിറ്റ്, ഫ്ലോർ മിൽ പ്രവർത്തനം എന്നിവ മനസിലാക്കിയാണ്‌   സംരംഭകർ മടങ്ങുന്നത്‌. ജെഎൽജി ഗ്രൂപ്പ്‌, വില്ലേജ്‌ പ്ലാനിങ് കമ്മിറ്റി പ്രവർത്തകരുമായി അനുഭവം പങ്കുവയ്‌ക്കുന്നു. കൃഷി പഠിക്കാനെത്തുന്നവർക്ക്‌ പുനരധിവാസ മേഖലയിലെ കെ കെ മിനി, കുമാരൻ കോട്ടി, ഷൈല നാരായണൻ, സി കെ ബാലകൃഷ്ണൻ എന്നിവർ അധ്യാപകരാണ്‌.  നബാർഡ് മറ്റ് ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ അനുമതി നൽകും മുമ്പ്‌ ആറളം പഠനയാത്ര നിർബന്ധമാക്കിയിട്ടുണ്ട്‌.  യാത്രാ സംഘങ്ങളെ സിആർഡി കോ ഓഡിനേറ്റർമാരായ കെ എഫ്‌ ജോസഫ്, വി പി വിമല, കെ കെ വത്സല, അഖിൽ, ഗോപിക എന്നിവർ നയിക്കുന്നു. 2017ലാണ്‌ പുനരധിവാസ മേഖലയിൽ കൃഷിയും അനുബന്ധ പ്രവർത്തനവും തുടങ്ങിയത്‌. നബാർഡ്‌ സഹായത്തിൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിആർഡി) മുഖേനയാണ്‌ പദ്ധതി നടത്തിപ്പ്‌.  വന്യജീവികളെ  പ്രതിരോധിച്ച്‌  16 ജെഎൽജി ഗ്രൂപ്പുകളിലായി ഫാമിൽ നൂറ്റമ്പതോളം പേരാണ്‌  കൃഷിയിൽ പുതുചരിത്രം രചിക്കുന്നത്‌. 50 ലക്ഷം രൂപയാണ്  ജെഎൽജി വഴി വായ്പയെടുത്തത്. മഞ്ഞൾ, ഇഞ്ചി, വാഴ, എള്ള്, നെല്ല് തുടങ്ങിയ കൃഷികളാണ്‌ മുഖ്യം.  ഫ്ലോർമിൽ, ആദിവാസി ഉൽപന്ന വിപണന കേന്ദ്രം എന്നിവയും  ആറളം ഫാമിൽ പ്രവർത്തിക്കുന്നു. കശുവണ്ടി സംസ്കരണ യൂണിറ്റിനും ഉടൻ തുടക്കമാവും. Read on deshabhimani.com

Related News