ചെറുവത്തൂരിന്റെ കൈക്കരുത്ത്‌
മുബൈ സിറ്റിയുടെ കരുത്ത്‌

മുംബൈ സിറ്റി യൂത്ത്‌ ഫുട്‌ബോൾ ടീമിനായി പ്രവീൺ പരിശീലനം നൽകുന്നു.


ചെറുവത്തൂർ ഗോൾ പോസ്‌റ്റിനുതാഴെ അയാളൊഴുക്കിയ വിയർപ്പുതുള്ളികളൊന്നും പാഴായില്ല. എതിരാളികൾ പ്രതിരോധ പൂട്ടുംതകർത്ത്‌ ബോക്‌സിനുള്ളിലേക്ക്‌ കയറി ഷോട്ടുകൾ പായിക്കുമ്പോഴും ഗോൾമുഖം കാക്കാൻ നെഞ്ചുംവിരിച്ച്‌ അയാളുണ്ടാവുമെന്ന സഹതാരങ്ങളുടെ വിശ്വാസം അസ്ഥാനത്തുമായില്ല. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ  മഹാരാഷ്‌ട്രയുടെ ഗോൾ കീപ്പറായിരുന്ന കൊവ്വലിലെ സി  പ്രവീണിന്റെ ഭൂതകാലത്തെ ഫുട്‌ബോൾ വിശേഷങ്ങൾ ഏറെയുണ്ട്‌. മുംബൈ സിറ്റി  എഫ്‌സി യൂത്ത്‌ ടീം പരിശീലകനാണിപ്പോൾ പ്രവീൺ. പള്ളിക്കര കോസ്‌മോസിലും സൂര്യയിലും കാവൽക്കാരനായി പ്രവീൺ ഉണ്ടായിരുന്നു. ബോളിന്റെ ഗതിവേഗങ്ങളുടെ താളം മനസിലാക്കിയപ്പോൾ കണ്ണൂർ എസ്‌എൻ കോളേജ്‌ ടീമിന്റെ വല കാത്തു. കളി മികവിൽ കണ്ണൂർ  സർവകലാശാലാ ഫുട്‌ബോൾ ടീം നായകനുമായി. കേരള ജൂനിയർ ടീമിനുവേണ്ടി മൂന്നുവർഷം കൈയ്യുറയുണിഞ്ഞു. പിന്നീട്‌ മുംബൈ ടീമിൽ. 2014ൽ നടന്ന സന്തോഷ്‌ ട്രോഫി മത്സരത്തിൽ കേരളത്തിന്റെ കപ്പ്‌ പ്രതീക്ഷയെ തട്ടിയകറ്റിയത്‌ ഈ മലയാളിയുടെ കരങ്ങളാണ്‌. വാസ്‌കോ ഗോവ, ടൈറ്റാനിയം,  മുംബൈ യുണൈറ്റഡ്‌, കൊച്ചിൻ പോർട്‌ ട്രസ്‌റ്റ്‌ ടീമുകളുടെ ഗോൾവലയും കാത്ത പ്രവീണിപ്പോൾ പരിശീലകന്റെ സ്ഥാനത്തിലേക്ക്‌ മാറി. ഫുട്‌ബോൾ പ്രമേയമായി ബോളിവുഡിൽ ഒരുങ്ങുന്ന  അജയ്‌ ദേവ്‌ഗൺ സിനിമയിലും പ്രവീൺ പ്രധാനവേഷം ചെയ്യുന്നു. മുംബൈയിൽ സ്വന്തമായി ഫുട്‌ബോൾ അക്കാദമിയും നടത്തുന്നു. കൊവ്വലിലെ എം പത്‌മനാഭന്റെയും സി സുശീലയുടെയും മകനാണ്‌. പ്രസൂൺ, പ്രസീന എന്നിവർ സഹോദരങ്ങൾ.    Read on deshabhimani.com

Related News