കേൾക്കാം യുവ ഗർജനം

തിരുപ്പതിയിൽനിന്ന് മൃഗശാലയിൽ എത്തിയ സിംഹം


തിരുവനന്തപുരം യുവ സിംഹരാജാവായി അവനും രാജ്ഞിയായി അവളും ഇനി തിരുവനന്തപുരം മൃഗശാലയിലുണ്ടാകും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽനിന്നുള്ള സിംഹങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിൽ എത്തി. വെള്ളമയിലുകൾ ഉൾപ്പെടെ അടുത്ത ദിവസം എത്തും.  പുതുതായി രണ്ടു സിംഹങ്ങൾകൂടി എത്തിയതോടെ തിരുവനന്തപുരത്തെ നാലെണ്ണമുൾപ്പെടെ സംസ്ഥാനത്തെ മൃഗശാലകളിലെ സിംഹങ്ങളുടെ എണ്ണം അഞ്ചായി. തൃശൂർ മൃഗശാലയിലാണ്‌ മറ്റൊരെണ്ണമുള്ളത്‌. ഒരാഴ്‌ചത്തെ സമ്പർക്കവിലക്ക്‌ കഴിഞ്ഞാൽ പുതിയ സിംഹങ്ങളെ സന്ദർശകർക്ക്‌ നേരിൽ കാണാം. മന്ത്രി ജെ ചിഞ്ചുറാണിയാണ്‌ ഇവർക്ക്‌ പേരിടുക. നിലവിൽ ഇവിടെയുള്ള 20 വയസ്സുള്ള ആൺ സിംഹം ആയുഷ്‌ പ്രായംമൂലം ചികിത്സയിലാണ്‌. ആറു വയസ്സുള്ള പെൺ സിംഹം ഗ്രേസിയാണ്‌ മറ്റൊരു അന്തേവാസി. ഓരോ ജോഡി ഹനുമാൻ കുരങ്ങുകൾ, എമുകൾ എന്നിവയും പുതുതായി മൃഗശാലയിൽ എത്തിയിട്ടുണ്ട്‌. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ പുതിയ മൃഗങ്ങൾ എത്തിയത്‌.  രണ്ടു ജോഡി കാട്ടുകോഴികൾകൂടി ഇവിടേക്കെത്തും. തിരുവനന്തപുരം മൃഗശാലയിൽ അധികമായുണ്ടായിരുന്ന നാലു കഴുതപ്പുലികളെയും ആറു പന്നിമാനുകളെയും കഴിഞ്ഞ മാസം 29ന്‌ തിരുപ്പതിയിലേക്ക്‌ കൊണ്ടുപോയിരുന്നു. ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ടു ജോഡി സ്വാമ്പ്‌ ഡിയർ (ബാരസിംഗ), രണ്ടു കാട്ടുപൂച്ചകൾ എന്നിവയെയും തിരുപ്പതിയിൽ എത്തിക്കും.  ജൂണിൽ ഹരിയാന മൃഗശാലയിൽനിന്ന് രണ്ടു ജോഡി ഹനുമാൻ കുരങ്ങുകളെയും വിദേശ രാജ്യങ്ങളിൽനിന്ന് സീബ്ര ഉൾപ്പെടെയുള്ള മൃഗങ്ങളെയും തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. Read on deshabhimani.com

Related News