അമിതവേ​ഗത്തിലെത്തിയ കാര്‍ സി​ഗ്നലില്‍ 
നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചു

ദേശീയപാതയില്‍ മുടവൂര്‍പാറയിലെ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ച് അപകടമുണ്ടാക്കിയ ആഡംബരകാര്‍


നേമം അമിതവേഗത്തിലെത്തിയ ആഡംബരകാര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. കരമന- കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പാറയിലെ സിഗ്നലില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന്‌ അമിതവേഗത്തിലെത്തിയ കാര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിര്‍ത്തിയിട്ടിരുന്ന കാർ മുന്നിലേക്ക്‌ നീങ്ങി മുന്നില്‍ നില്‍ക്കുകയായിരുന്ന മൂന്ന്‌ ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ടു. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു.     അപകടത്തെതുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ആഡംബരകാറിലെ ഓയില്‍ ടാങ്ക് പൊട്ടിയതു കാരണം റോഡിലേക്ക് ഓയില്‍ ഒഴുകിയതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടര്‍ന്ന് അഗ്നിശമനസേന എത്തി റോഡ് വൃത്തിയാക്കിയശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.  അപകടത്തിന് ഇടയാക്കിയ കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ അപകടമുണ്ടായ ഉടൻ കാറില്‍നിന്ന് ഇറങ്ങി ഒാടി രക്ഷപ്പെട്ടു. ബാലരാമപുരം കല്ലമ്പലം സ്വദേശിയായ പ്രമോദ് എന്ന യുവാവിനെ സ്ഥലത്തുനിന്ന്‌ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ആഡംബര കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, കാര്‍ ഓടിച്ചത് ഇയാളല്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൂടെയുണ്ടായിരുന്ന ആളെ ഉടന്‍ പിടികൂടുമെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News