ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുമായി ഷീബാസ്‌

കേരള അഗ്രോ ഫുഡ്‌ പ്രോ പ്രദർശനത്തിൽ സി കെ ജയശങ്കറും ഭാര്യ ഷീബ ശങറും ഭക്ഷ്യ പൗഡർ ഉൽപ്പന്നങ്ങളുമായി


തൃശൂർ  കോവിഡ്‌കാലത്ത്‌ ദുരിതങ്ങളിൽപ്പെട്ട കുടുംബം ഉയർത്തെഴുന്നേൽക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ സൗഹൃദ നയസമീപനങ്ങളിലൂടെ. ഗുരുവായൂർ കൃഷ്‌ണളത്തെ സി കെ ജയ്‌ശങ്കർ–- ഷീബ ശങ്കർ ദമ്പതികളാണ്‌ ‘ഷീബാസ്‌’ എന്ന പുതു സംരംഭം ആരംഭിച്ച്‌ മലയാളക്കരയ്‌ക്കാകെ മാതൃകയായത്‌.  ഇന്ത്യൻ ബാങ്ക്‌ ചീഫ്‌ മാനേജറായി പ്രവർത്തിക്കുന്നതിനിടെ വിആർഎസ്‌ എടുത്തശേഷമാണ്‌ കഴിഞ്ഞ വർഷം ചെറുകിട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സംരംഭം ആരംഭിക്കുന്നത്‌. മുളക്‌, ചതച്ച മുളക്‌, മല്ലി, മഞ്ഞൾ, ഉലുവ, ഗരം മസാല, ചട്ടിണി, ചമ്മന്തി, രസം, സാമ്പാർ പൊടികളുമായാണ്‌ സംരംഭത്തിന്‌ തുടക്കമിട്ടത്‌.  വീട്ടിൽ ഒരുക്കിയ ശുദ്ധമായ ഉൽപ്പന്നം  വില കുറഞ്ഞ്‌ ലഭിക്കുന്നതോടെ ആവശ്യക്കാർ ഏറി.  ഇതോടെ, വ്യവസായ വകുപ്പിന്റെ സഹായത്തോടെ സംരംഭം വിപുലീകരിച്ചു.  വിവിധതരം അച്ചാറുകൾ, തൈര്‌മുളക്‌, മാങ്ങ–- വെളുത്തുള്ളി തൊക്കു,  മധുരപലഹാരങ്ങൾ എന്നിവ മംഗളുരുവിൽനിന്ന്‌ വർഷങ്ങൾക്കുമുന്നേ ഗുരുവായൂരിലെത്തിയ ഇവർ ഒരുക്കാൻ തുടങ്ങി.  കുമ്പളങ്ങാ ഹൽവയാണ്‌ ഷീബാസിലെ താരം.   മായം ചേർക്കാതെ നാലു തൊഴിലാളികളുടെ സഹായത്തോടെ ഷീബയാണ്‌ ഭക്ഷ്യയുൽപ്പന്നങ്ങൾ ഒരുക്കുന്നത്‌.   ജയ്‌ശങ്കറിന്റെ വീട്ടിലെ എല്ലാവർക്കും കോവിഡ്‌ പിടിപെട്ടിരുന്നു.   ഇവരുടെ രണ്ടുമക്കളിൽ ഒരാൾ മരണത്തിന്‌ കീഴടങ്ങി.  ഗുരുവായൂർ വ്യവസായ ഓഫീസർ വി സി ബിന്നി ഇടപെട്ടാണ്‌ ഈ കുടുംബത്തെ പുതു സംരംഭത്തിലേക്ക്‌ അടുപ്പിച്ചത്‌. Read on deshabhimani.com

Related News