ശ്രീകുമാറിന്റെ നന്മയിൽ അനന്തുവിന്‌ വീടൊരുങ്ങി

അനന്തുവിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ മന്ത്രി ജെ ചിഞ്ചുറാണി വീട്ടുകാരോടൊപ്പം


ചടയമംഗലം കാക്കിക്കുള്ളിലെ കാരുണ്യം കനിവായ് പെയ്തിറങ്ങിയപ്പോൾ അനാഥത്വംപേറി തെരുവിൽ അലയേണ്ടി വരുമായിരുന്ന കൗമാരക്കാരനു തൊഴിലും വീടുമായി. ജീവിതയാത്രയിൽ ബന്ധുക്കളിൽനിന്ന് ഒറ്റപ്പെട്ടുപോയ വെളിനല്ലൂർ പെരപ്പയം സ്വദേശി അനന്തുവിന്‌ വീടൊരുക്കിയാണ്‌ കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ നീണ്ടകര കാവനാട് സ്വദേശി ഡി ശ്രീകുമാർ മാതൃകയായത്‌. മാനസികാസ്വാസ്ഥ്യമുള്ള അമ്മ അനന്തുവിന്റെ കുട്ടിക്കാലത്താണ്‌ നാടുവിട്ടത്‌. പിന്നീട് അമ്മയെ വിളക്കുടിയിലെ അഗതി മന്ദിരത്തിൽ എത്തിച്ചതോടെ അനന്തു ഒറ്റപ്പെട്ടു. കോവിഡ് കാലത്താണ് ശ്രീകുമാർ അനന്തുവിനെ കണ്ടുമുട്ടുന്നത്. ശ്രീകുമാർ ഇവിടെനിന്ന് നീണ്ടകര മദർഹുഡ് ചാരിറ്റി മിഷനിൽ എത്തിച്ചു. ഇവിടെയുണ്ടായിരുന്ന മറ്റ് അഞ്ചുപേർക്കൊപ്പം ആഹാരവും വസ്ത്രങ്ങളും നൽകി പാർപ്പിച്ചു. ഒപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇലക്‌ട്രിക്കൽ, വെൽഡിങ്‌, ഡ്രൈവിങ്‌, പെയിന്റിങ്‌ ജോലികളും പഠിപ്പിച്ചു. ഇതിനിടെ അനന്തുവിന്റെ അമ്മയെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും മരിച്ചതായി വിവരം ലഭിച്ചു. പരപ്പയത്ത് താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അച്ഛനെ കണ്ടെത്തി. അച്ഛനോടൊപ്പം താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ വസ്തുവും വീടുമില്ലാത്തത്‌ പ്രശ്നമായി. അനന്തുവിന്റെ അച്ഛന്റെ സഹോദരൻ അഞ്ച് സെന്റ് നൽകിയതോടെ വീട് നിർമിച്ചുനൽകാൻ ശ്രീകുമാർ തയ്യാറാകുകയായിരുന്നു.  ശമ്പളത്തിന്റെ വിഹിതത്തിൽനിന്നാണ് ഇദ്ദേഹം ചാരിറ്റി പ്രവർത്തനം നടത്തുന്നത്. ആരിൽനിന്നും സംഭാവന കൈപ്പറ്റിയില്ല. പൊലീസിലുള്ള അടുത്ത കൂട്ടുകാരിൽ ചിലർ ഇദ്ദേഹത്തിനു ചെറിയ സഹായം നൽകുന്നുണ്ട്. ഇദ്ദേഹം നടത്തുന്ന മദർഹുഡ് ചാരിറ്റിയിൽ മറ്റ് അഞ്ചുപേർ കൂടിയുണ്ട്. ഇവരും 90ദിവസം കൊണ്ട് പൂർത്തിയാക്കിയ വീട് നിർമാണത്തിന് എത്തിയിരുന്നു. ഞായറാഴ്ച പാലുകാച്ചൽ ചടങ്ങിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി, കവി കുരീപ്പുഴ ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ, കരിങ്ങന്നൂർ സുഷമ, എ നവാസ്, പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളടക്കം നിവധിപേരും എത്തി. Read on deshabhimani.com

Related News