തകർന്നടിഞ്ഞ്‌ മാധ്യമ നുണക്കഥകൾ



  കൽപ്പറ്റ വെള്ളമുണ്ട എയുപി സ്‌കൂളിലെ ദിവസ വേതന അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണം പൊളിയുന്നു. വസ്‌തുതകൾ വിവരിച്ച്‌ സ്‌കൂൾ അധികൃതർ രംഗത്തെത്തിയതോടെയാണ്‌ ചില മാധ്യമങ്ങൾ പുറത്തുവിട്ട നുണക്കഥകൾ തകർന്നടിഞ്ഞത്‌.  സിപിഐ എം ജില്ലാ സെക്രട്ടറിയുടെ  മകന്‌ സ്ഥിരനിയമനം നൽകുന്നതിനായി സ്‌കൂൾ അധികൃതർ നിയമവിരുദ്ധ നടപടി സ്വീകരിച്ചെന്നായിരുന്നു കള്ളപ്രചാരണം. എന്നാൽ, നിലവിൽ യുപി സ്‌കൂളിൽ സ്ഥിരം പോസ്‌റ്റുകൾ ഒഴിവില്ലെന്നും പി ജി രഞ്‌ജിത്ത്‌ ദിവസ വേതനാടിസ്ഥാനത്തിലാണ്‌ ജോലിചെയ്യുന്നതെന്നും സ്‌കൂൾ മാനേജർ  വി എം മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തന്റെ മകന്റെ സഹപാഠിയാണ്‌ രഞ്‌ജിത്ത്‌. മകന്റെ ശുപാർശ പ്രകാരമാണ്‌ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചത്‌. മതിയായ യോഗ്യതയുമുണ്ട്‌.  ഇദ്ദേഹത്തെ സ്ഥിരപ്പെടുത്താൻ അടുത്തകാലത്തൊന്നും സ്‌കൂളിൽ  അധ്യാപക ഒഴിവ്‌ വരുന്നുമില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ആരോപണമെന്ന്‌ അറിയില്ല. മറ്റ്‌ സ്‌കൂളുകളിലെ കുട്ടികൾക്ക്‌ യൂണിഫോമും തയ്യൽ കൂലിയും വാഹനസൗകര്യവും നൽകി പ്രലോഭിപ്പിക്കുന്നു എന്ന ആരോപണവും തെറ്റാണ്‌. ഈ സൗകര്യങ്ങളെല്ലാം സർക്കാർ സ്‌കൂളുകളിലും ലഭിക്കുന്നുണ്ട്‌. ഡിവിഷൻ കുറവ്‌ വരാതിരിക്കാൻ കുട്ടികൾ ഉണ്ടാവേണ്ടത്‌ നിലവിലുള്ള അധ്യാപകരുടെകൂടി ആവശ്യമാണ്‌. ഈ നിലയിൽ ആരെങ്കിലും രക്ഷിതാക്കളെ സ്വാധിനിച്ചിട്ടുണ്ടോ എന്ന്‌ അറിയില്ല. മിക്ക സ്‌കൂളുകളിലും ഇക്കാര്യം നടക്കുന്നുണ്ട്‌. രഞ്‌ജിത്തിനായി മറ്റൊരു സ്‌കൂളിൽനിന്ന്‌ അർധരാത്രി ടി സി വാങ്ങി വിദ്യാർഥികളെ ഈ സ്‌കൂളിലേക്ക്‌ മാറ്റിയെന്ന ആരോപണവും ശരിയല്ല. ആറാമത്തെ പ്രവൃത്തി ദിവസം  വിദ്യാഭ്യാസ വകുപ്പിന്റെ  ‘സമ്പൂർണ’ വെബ്‌ സൈറ്റ്‌ സംസ്ഥാനത്താകെ തകരാറായിരുന്നു. ഇതിന്റെ ഭാഗമായി ഓഫീസ്‌ പ്രവൃത്തിസമയം കഴിഞ്ഞും ജോലികൾ പൂർത്തിയാക്കാൻ വെബ്‌സൈറ്റ്‌ തുറന്നിട്ടുണ്ട്‌. ഇതിന്‌ രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടി പി വിജയൻ, അഡ്വ. ജിതിൻരാജ്‌ എന്നിവരും  പങ്കെടുത്തു. Read on deshabhimani.com

Related News