പച്ചപുതയ്ക്കും



 മലപ്പുറം മണ്ണും ജലവും പച്ചപ്പും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഒരു പരിസ്ഥിതി ദിനംകൂടി. ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്‌ച ജില്ലയിൽ വിവിധ സംഘടനകള്‍ വൃക്ഷത്തൈകൾ നടും. കേരള സാമൂഹ്യ വനവൽക്കരണ വിഭാഗം ജില്ലയിൽ 50,000 ഫലവൃക്ഷ–-ഔഷധ തൈകൾ വിവിധ സംഘടനകൾവഴി വിതരണം ചെയ്‌തിട്ടുണ്ട്‌. നിലമ്പൂർ വള്ളുവശേരി സെൻട്രൽ നഴ്സറിയിലാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്‌. രക്തചന്ദനം, താന്നി, മഹാഗണി, കുന്നി, വാക, ഉങ്ങ്, ദന്തപ്പാല, സീതപ്പഴം, നെല്ലി, നീർമരുത്, പേര, ചമത, വേങ്ങ, കുമ്പിൾ, പൂവരശ്, ആര്യവേപ്പ് എന്നിങ്ങനെ 16 ഇനങ്ങളാണ്‌ വിതരണം ചെയ്‌തത്‌.  വനംവകുപ്പ്‌ മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ 2.6 ലക്ഷം തേക്കിൻ തൈ വച്ചുപിടിപ്പിക്കും. നെൻമാറ ഡിവിഷനിലെ നെല്ലിയാമ്പതി–- 25,000, മണ്ണാർക്കാട് അട്ടപ്പാടി–- 36,250, എടവണ്ണ–- 60,000,  കരുളായി–- 76,500 എന്നിങ്ങനെ റെയ്‌ഞ്ച്‌ അടിസ്ഥാനത്തിലാണ് തൈ വിതരണം ചെയ്യുന്നത്‌. പൊതുജനങ്ങൾക്കും മറ്റിടങ്ങളിലേക്കുമായി 62,250 തൈകളും നൽകുന്നു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ബാലസംഘം, ജനാധിപത്യ മഹിളാ അസോസിയേഷൻ, വിവിധ പരിസ്ഥിതി സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌.  ബാലസംഘം നേതൃത്വത്തിൽ എല്ലാ ഏരിയകളിലും തൈകൾ നടും. വണ്ടൂരിലും കൊണ്ടോട്ടിയിലും ഞായറാഴ്‌ച പരിസ്ഥിതി സെമിനാറുകൾ നടത്തി. നിലമ്പൂർ, എടക്കര ഏരിയകളിൽ ശനിയാഴ്‌ച മഴ യാത്രയും ആദിവാസി കോളനി സന്ദർശനവും നടത്തും. തവനൂർ കാർഷിക കോളേജുമായി സഹകരിച്ച്‌ എടപ്പാൾ, പൊന്നാനി ഏരിയകളിലെ ബാലസംഘം കൂട്ടുകാർക്കായി നൂതന കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കും.  ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ വൃക്ഷത്തൈകൾ നടും. ജില്ലാതല  ഉദ്‌ഘാടനം തിങ്കളാഴ്‌ച പകൽ മൂന്നിന്‌ താനൂർ ബ്ലോക്കിലെ പുത്തൻ തെരുവിൽ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയുടെ ഭാഗങ്ങളിൽ ശുചീകരണം നടത്തും. പൊന്നാനി ലൈറ്റ്‌ ഹൗസ്‌ പരിസരത്ത്‌ നടക്കുന്ന ശുചീകരണം കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ്‌ ഉദ്‌ഘാടനംചെയ്യും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൈകൾ നടും. Read on deshabhimani.com

Related News