നോറയെ തടുക്കാം 
ശുചിത്വം ഉറപ്പാക്കാം



മലപ്പുറം പെരിന്തൽമണ്ണയിൽ നോറ വൈറസ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ്‌ പ്രതിരോധ–-ബോധവൽക്കരണ പ്രവർത്തനം ഊർജിതമാക്കി. കുടിവെള്ള സ്രോതസുകൾ വൃത്തിയുള്ളതാണെന്ന്‌ എല്ലാവരും ഉറപ്പാക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ  കെ രേണുക അറിയിച്ചു. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും വേഗം ഭേദമാകും.  ഉദരസംബന്ധമായ അസുഖമുണ്ടാക്കുന്ന വൈറസുകളാണ് നോറ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിൽ വീക്കം, കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്ക്‌ കാരണമാകുന്നു. കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.  പകരുന്നത്‌ ഇങ്ങനെ  മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പടരാം.  ലക്ഷണങ്ങൾ  വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന.  വിശ്രമം വേണം വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ കുടിക്കാം. രോഗം മാറി രണ്ട് ദിവസംവരെ വൈറസ് പടരാൻ സാധ്യതയുണ്ട്‌. മറക്കല്ലേ ● പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനം ●  കൈകൾ സോപ്പുപയോഗിച്ച് കഴുകുക  ● മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം ● ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കാം ● തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക ● പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക  ● പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണം ഒഴിവാക്കാം ● രോഗലക്ഷണമുണ്ടെങ്കിൽ ഭക്ഷണം പാചകം ചെയ്യുകയും പങ്കുവയ്ക്കുകയും അരുത്‌ ● കടൽ മത്സ്യവും ഷെൽഫിഷുകളും നന്നായി പാകംചെയ്‌ത്‌ കഴിക്കുക Read on deshabhimani.com

Related News