ബേക്കൽ ടൂറിസത്തിന്‌ കുതിപ്പേകി



ഉദുമ ബേക്കൽ റിസോർട്ട്‌ ഡവലപ്‌മെന്റ്‌ കോർപറേഷന്‌ (ബിആർഡിസി) കുതിക്കാൻ ഊർജം നൽകിയത്‌ കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്നപ്പോൾ.  വൻകിട സ്വകാര്യനിക്ഷേപകരെ ബേക്കൽ ടൂറിസം പദ്ധതി പ്രദേശത്ത് ആകർഷിച്ച് ലോകോത്തര നിലവാരത്തിലുള്ള നക്ഷത്ര റിസോർട്ടുകൾ നിർമിക്കാനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക, ബേക്കൽ ഡസ്റ്റിനേഷൻ പ്രമോഷൻ എന്നിവയാണ്‌ ബിആർഡിസിയുടെ ദൗത്യം. 2010ൽ ബേക്കലിലെ ആദ്യപഞ്ചനക്ഷത്ര റിസോർട്ടായ ലളിത് ഉദ്ഘാടനം ചെയ്തത് കോടിയേരിയാണ്‌. ബേക്കലിനടുത്ത ചേറ്റുക്കുണ്ടിൽ നാലാമത്തെ റിസോർട്ട് നിർമാണവും ഉദ്ഘാടനം ചെയ്‌തു. ബേക്കൽ വിനോദസഞ്ചാര പദ്ധതിയുടെ മുന്നേറ്റത്തിന് നിരവധി സംഭാവനകൾ  നൽകി. ഉത്തരമലബാറിന്റെ ടൂറിസം മേഖലക്ക്‌ മുമ്പില്ലാത്ത മുന്നേറ്റം സാധിച്ചത്‌ കോടിയേരി മന്ത്രിയായപ്പോഴാണ്‌.  മലബാർ പാക്കേജിൽ നിർമിച്ച മലാംകുന്ന് -പാലക്കുന്ന്, പള്ളം കാപ്പിൽ, ഉദുമ -ബേവൂരി, മേൽപ്പറമ്പ് -ചെമ്പരിക്ക തുടങ്ങിയ റോഡുകളുടെ വികസനം  ബേക്കൽ ടൂറിസം പദ്ധതിയോടുണ്ടായിരുന്ന സവിശേഷ താൽപ്പര്യം കൊണ്ടാണ്‌. തീരദേശജനതക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരമായ ചേറ്റുകുണ്ട് അജാനൂർ റോഡിന്റെ നിർമാണോദ്‌ഘാടനം നിർവഹിച്ചു. ബേക്കൽ പാർക്കിങ്‌ ബേ നിർമിച്ച്‌  ഉദ്‌ഘാടനം ചെയ്‌തു.  ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ബേക്കൽ സൗത്ത്‌ ബീച്ച്‌ പാർക്ക്‌ സുനാമി  പുനരധിവാസ പദ്ധതിയിൽ അനുവദിച്ച്‌  നിർമാണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്‌തതും കോടിയേരി. വിവിധ വകുപ്പുകളെയും പൊതുജനങ്ങളെയും ഏകോപിച്ചുള്ള അദ്ദേഹത്തിന്റെ  ഭാവനാപൂർണമായ ഇച്ഛാശക്തിയുള്ള ഇടപെടൽ  ബിആർഡിസി പ്രവർത്തനങ്ങൾക്ക് ഗതിവേഗമുണ്ടാക്കി.   Read on deshabhimani.com

Related News