പ്രളയ പുനരധിവാസം; കരുതലറിഞ്ഞ്‌ കവളപ്പാറ



എടക്കര പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കവളപ്പാറയിലെ പട്ടിക വർഗ കുടുംബങ്ങൾക്ക് നിമിക്കുന്ന 30 വീടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിൽ. പോത്ത്കല്ല് പഞ്ചായത്തിലെ ഉപ്പട ടൗണിനോട് ചേർന്ന ഗ്രാമം റോഡിലാണ് സർക്കാർ ഫണ്ടുപയോഗിച്ച്  മൂന്ന് ഏക്കർ 57 സെന്റ്‌ സ്ഥലത്ത് വീട്‌ നിർമിക്കുന്നത്. ദുരന്തത്തിൽ വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ട 11 കുടുംബവും ദുരന്ത മേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറ് കുടുംബവും മലയിടിച്ചിൽ ഭീഷണി കാരണം മാറ്റിപ്പാർപ്പിക്കേണ്ട 15 കുടുംബത്തിനുമാണ് സർക്കാർ ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കുന്നത്.  ആദ്യഘട്ടത്തിൽ ഓരോ കുടുംബത്തിനും ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീട് നിർമിക്കാൻ നാലു ലക്ഷവും സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമെ വീട്‌ നിർമാണത്തിന്‌ ഓരോ കുടുംബത്തിനും ആദിവാസി പുനരധിവാസ വികസന മിഷൻ ഫണ്ടിൽനിന്ന് രണ്ട് ലക്ഷം വീതവും അനുവദിച്ചു.  പുനരധിവാസ പ്രദേശത്ത് കമ്യൂണിറ്റി ഹാൾ, വൈദ്യുതി, കുടിവെള്ളം എന്നിവക്കും മിഷൻ ഫണ്ടിൽനിന്ന് ആവശ്യമായ തുക നൽകും.  32 വീടുകളാണ് സർക്കാർ അനുവദിച്ചത്. രണ്ട് വീടുകൾ തറ നിർമാണത്തിൽ നിലച്ചു. ഒരു കോടി 10 ലക്ഷം രൂപക്കാണ്  സർക്കാർ ഉപ്പട ഗ്രാമം റോഡിൽ ഭൂമി വാങ്ങിയത്. പോത്ത്കല്ല് ഓഡിറ്റോറിയത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് ഓരോ മാസവും വാടകയും ഭക്ഷണവും നൽകിയാണ് സർക്കാർ ക്യാമ്പ് നടത്തിയിരുന്നത്. വീടുകൾ കുടുംബങ്ങൾക്ക് കൈമാറുന്നതോടെ ക്യാമ്പ് അവസാനിക്കും. Read on deshabhimani.com

Related News