കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ട ബജറ്റ്‌



  തിരുവനന്തപുരം സംസ്ഥാന സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ബദൽനയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോവിഡ്‌ പ്രതിസന്ധിക്കും കേന്ദ്ര അവഗണനയ്‌ക്കും ഇടയിലും സംസ്ഥാനം വളർച്ച നേടി. ആഗോളവൽക്കരണ നയത്തിൽനിന്ന്‌ വ്യത്യസ്തമായി അടിസ്ഥാനമേഖലകളിൽനിന്ന്‌ പിന്മാറുകയല്ല കൂടുതൽ ഇടപെടുകയാണ്‌ സർക്കാർ.      റബർ വിലയിടിവ്‌ തടയാൻ പണം വകയിരുത്തിയും നാളികേര സംഭരണവില കൂട്ടിയും കാർഷികത്തകർച്ച പരിഹരിക്കാനുതകുന്ന പദ്ധതികൾ ആവിഷ്‌കരിച്ചും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബജറ്റാണ് ഇത്‌.  മനുഷ്യ–- വന്യജീവി സംഘർഷം ലഘൂകരിക്കാനും ഇടപെടലുകളുണ്ട്‌. കയറുൽപ്പന്നങ്ങളുടെയും ചകരിയുടെയും വിലസ്ഥിരതാ ഫണ്ട്‌, കശുവണ്ടിമേഖലയുടെ പുനരുജ്ജീവനം, തോട്ടംതൊഴിലാളികളുടെ ലയങ്ങളുൾപ്പെടെ മെച്ചപ്പെടുത്തൽ തുടങ്ങി ശ്രദ്ധേയ  പ്രഖ്യാപനങ്ങളുമുണ്ട്‌. അതിദാരിദ്ര്യ നിർമാർജനത്തിന്‌ 50 കോടി മാറ്റിവച്ചു. ഇടുക്കി, വയനാട്‌, കാസർകോട്‌ വികസന പാക്കേജുകളും ദുർബലജനവിഭാഗത്തെ മുന്നിൽക്കണ്ടാണ്‌.     വൈജ്ഞാനിക സമൂഹ സൃഷ്ടി ലക്ഷ്യമിട്ട്‌ ഉന്നത വിദ്യാഭ്യാസരംഗത്തിന്‌  സവിശേഷ പ്രാധാന്യം നൽകി. ജനങ്ങളുടെ പ്രശ്‌നങ്ങളെയും ഭാവിവികസനത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതാണ്‌ ബജറ്റെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News